'പോസിറ്റീവ് വൈബ്‌സ് കിട്ടും'; ജ്യോതിഷിയുടെ നിർദേശപ്രകാരം ഗുജറാത്തിലെ സർവകലാശാലയിൽ പശുത്തൊഴുത്ത് പണിയും

ഒരു ജ്യോതിഷിയുടെ നിർദേശപ്രകാരമായിരുന്നു നടപടി

സൂറത്: പുതിയ അഡ്മിനിസ്ട്രേറ്റിവ് കെട്ടിടത്തിൽ ഐശ്വര്യമുണ്ടാകാൻ ക്യാമ്പസിൽ പശുത്തൊഴുത്ത് പണിയാനുള്ള വിചിത്ര തീരുമാനവുമായി ഗുജറാത്തിലെ സർവകലാശാല. സൂറത്തിലെ വീർ നർമദ സൗത്ത് ഗുജറാത്ത് സർവകലാശാലയാണ് പോസിറ്റീവ് വൈബ്‌സ് കിട്ടാൻ പശുത്തൊഴുത്ത് പണിയാൻ തീരുമാനിച്ചത്.

ഒരു ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് നടപടി. പുതിയ കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ജ്യോതിഷിയെ കാണിച്ചപ്പോൾ ഒരുമാസത്തേക്ക് അവിടം ഏഴ് പശുക്കളെവരെ താമസിപ്പിച്ച് പരിപാലിച്ചാൽ പോസിറ്റീവ് എനർജി ലഭിക്കുമെന്ന് പറഞ്ഞു. കൂടെ ഭരണം മികച്ചതാകുമെന്നും ജ്യോതിഷി കൂട്ടിച്ചേർത്തു. ഇതോടെയാണ് ഒരു തൊഴുത്ത് പണിയാനും പശുക്കളെ പരിപാലിക്കാനും സർവകലാശാല തീരുമാനിച്ചത്.

പുതിയ കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കാൻ ആർകിടെക്റ്റുകൾക്ക് പുറമെ, വാസ്തുവിദഗ്ധൻ, ജ്യോതിഷി എന്നിവരെ കൂടി അധികൃതർ നിയമിച്ചിരുന്നു. കെട്ടിട നിർമാണത്തിനായി 30 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പശുക്കളെക്കുറിച്ചുള്ള പഠനത്തിനായി ബയോടെക്‌നോളജി വകുപ്പിൽ കാമധേനു ചെയർ തുടങ്ങാനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Cow shed at Gujarat university for positive vibes

To advertise here,contact us