ഗുജറാത്തിൽ ബിജെപി നേതാവ് ജീവനൊടുക്കി; കാരണം അന്വേഷിച്ച് പൊലീസ്

ബിജെപിയുടെ മഹിളാ മോർച്ചയുടെ നേതാവായ ദീപിക പട്ടേൽ (34) ആണ് മരിച്ചത്.

ഗാന്ധിന​ഗർ: ഗുജറാത്തിലെ സൂറത്തിൽ ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. സൂറത്തിലെ 30-ാം വാർഡിലെ ബിജെപിയുടെ മഹിളാ മോർച്ചയുടെ നേതാവായ ദീപിക പട്ടേൽ (34) ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെയാണ് ദീപിക സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

മരണകാരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഫോറൻസിക് സംഘം സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ദീപികയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോൾ റെക്കോർഡുകൾ വിശകലനം ചെയ്തു വരികയാണ്.

ആത്മഹത്യയ്ക്ക് മുന്നേ സഹപ്രവർത്തകനായ ചിരാഗ് സോളങ്കിയെ ദീപിക വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു. താൻ സമ്മർദ്ദത്തിലാണെന്നും ജീവിക്കാൻ കഴിയില്ലെന്നും ദീപിക പറഞ്ഞതായാണ് വിവരം. ഉടൻ തന്നെ ചിരാഗ് സോളങ്കി ദീപികയുടെ വീട്ടിൽ എത്തുകയായിരുന്നു. ചിരാഗ് വാതിൽ തകർത്ത് അകത്ത് കയറി എങ്കിലും ദീപികയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Also Read:

National
തിരുവണ്ണാമലൈ ഉരുള്‍പൊട്ടല്‍: ആറ് മൃതദേഹങ്ങൾ കണ്ടെത്തി; ഒരാൾക്കായുള്ള തിരച്ചില്‍ തുടരുന്നു

ആത്മഹത്യയ്ക്ക് പിന്നിലുളള കാരണം അറിയില്ലെന്ന് യുവതിയുടെ ഭർത്താവും ബന്ധുക്കളും അറിയിച്ചു. കുടുംബപരമായ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. സഹപ്രവർത്തകനായ ചിരാഗ് സോളങ്കിയെയും പൊലീസ് ചോദ്യം ചെയ്തു. ദീപിക ആത്മഹത്യ ചെയ്തതിനുളള കാരണം വ്യക്തമല്ലെന്നാണ് ചിരാഗും പറയുന്നത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Surat BJP Leader Dies By Suicide

To advertise here,contact us