നിയമസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് എംവിഎ എംഎൽഎമാർ; ഇവിഎമ്മിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷം

ഇവിഎമ്മിൻ്റെ ദുരുപയോ​ഗത്തിൽ പ്രതിഷേധിച്ച് സത്യാപ്രതിജ്ഞാ ചടങ്ങിൻ്റെ ആദ്യദിനം ബഹിഷ്കരിക്കാൻ തങ്ങളുടെ എംഎൽഎമാർ തീരുമാനിച്ചുവെന്നായിരുന്നു ആദിത്യ താക്കറെയുടെ പ്രതികരണം

മുംബൈ: പുതിയ അം​ഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി ചേർന്ന മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിൻ്റെ ആ​ദ്യദിനം ബഹിഷ്കരിച്ച് മഹാവികാസ് അഘാഡി അം​ഗങ്ങൾ. ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ അം​ഗങ്ങൾ ആദ്യദിനം ബഹിഷ്കരിച്ചത്. ഇവിഎമ്മിൻ്റെ ദുരുപയോ​​ഗം സംബന്ധിച്ച സംശയമാണ് ബഹിഷ്കരണ തീരുമാനത്തിന് പിന്നിലെന്ന് മഹാവികാസ് അഘാഡി നേതാവ് ആദിത്യ താക്കറെ വ്യക്തമാക്കിയത്.

ഇവിഎമ്മിൻ്റെ ദുരുപയോ​ഗത്തിൽ പ്രതിഷേധിച്ച് സത്യാപ്രതിജ്ഞാ ചടങ്ങിൻ്റെ ആദ്യദിനം ബഹിഷ്കരിക്കാൻ തങ്ങളുടെ എംഎൽഎമാർ തീരുമാനിക്കുകയായിരുന്നുവെന്നും ആദിത്യ താക്കറെ പറഞ്ഞു. 'ഇത് ജനങ്ങളുടെ വിധിയെഴുത്തായിരുന്നെങ്കിൽ ആളുകൾ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ജനങ്ങൾ ഒരിടത്തും വിജയം ആഘോഷിച്ചില്ല. ഞങ്ങൾക്ക് ഇവിഎമ്മുകളെക്കുറിച്ച് സംശയമുണ്ട്' ആദിത്യ താക്കറെ വ്യക്തമാക്കി. 'ഇവിഎം ഉപയോ​ഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ഇത് ജനങ്ങളുടെ വിധിയെഴുത്തല്ല, ഇവിഎമ്മിൻ്റെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെയും വിധിയെഴുത്താ'ണെന്നും ശിവസേന യുബിടി നേതാവ് കൂട്ടിച്ചേർത്തു.

Also Read:

Kerala
'വൈദ്യുതി നിരക്ക് വർധന അദാനിക്ക് വേണ്ടിയുള്ള നീക്കം, സർക്കാരിൻ്റേത് കള്ളക്കളി'; രമേശ് ചെന്നിത്തല

എന്നാൽ സത്യപ്രതി‍ജ്ഞാ ചടങ്ങിൻ്റെ ആദ്യദിനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ അജിത് പവാർ രം​ഗത്തെത്തി. 'പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളിൽ കഴമ്പില്ല. പ്രതിപക്ഷം പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണം അവിടെ നീതികിട്ടിയില്ലെങ്കിൽ കോടതിയിൽ പോകണം' എന്നായിരുന്നു അജിത് പവാറിൻ്റെ പ്രതികരണം.

ഇന്ന് രാവിലെ 11 മണിക്കാണ് പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി മഹാരാഷ്ട്ര നിയമസഭ യോ​ഗം ചേർന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ ചടങ്ങിന് എത്തിയിരുന്നു.

Content Highlights: Leaders of the opposition have boycotted the oath-taking ceremony in ​​ Maharashtra assembly

To advertise here,contact us