നിയമപരമായ ഫോൺ ചോർത്തൽ, അന്തിമ വിജ്ഞാപനം പുറത്തിറക്കി; അംഗീകാരമില്ലെങ്കിൽ വിവരങ്ങൾ നശിപ്പിക്കണം

പഴയ ടെല​ഗ്രാഫ് ചട്ടമനുസരിച്ച് ആഭ്യന്തര സെക്രട്ടറിമാർ അം​ഗീകാരം നൽകിയില്ലെങ്കിൽ ഏഴ് ​ദിവസം കഴിഞ്ഞ് ചോർത്തൽ അവസാനിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ

ന്യൂഡൽഹി: പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ നടത്തുന്ന നിയമപരമായ ഫോൺ ചോർത്തൽ സംബന്ധിച്ച് കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രാലയം അന്തിമവിജ്ഞാപനം പുറത്തിറക്കി.അടിയന്തര സാഹചര്യങ്ങളിൽ ഏജൻസികൾ സ്വന്തം നിലയിൽ നടത്തുന്ന ഫോൺ ചോർത്തൽ കേന്ദ്ര സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഏഴ് ​ദിവസത്തിനുള്ളിൽ അം​ഗീകരിക്കണം. ഇല്ലെങ്കിൽ ചോർത്തിയ വിവരങ്ങൾ രണ്ട് പ്രവർത്തി ദിവസത്തിനകം നശിപ്പിക്കണം എന്ന പുതിയ വ്യവസ്ഥയും അന്തിമവിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ കോടതിയിൽ തെളിവായി സമർപ്പിക്കുന്നതടക്കം ഒന്നിനും ഉപയോ​ഗിക്കാൻ പാടില്ലയെന്നും വിജഞാപനം വ്യക്തമാക്കുന്നു.

പഴയ ടെല​ഗ്രാഫ് ചട്ടമനുസരിച്ച് ആഭ്യന്തര സെക്രട്ടറിമാർ അം​ഗീകാരം നൽകിയില്ലെങ്കിൽ ഏഴ് ​ദിവസം കഴിഞ്ഞ് ചോർത്തൽ അവസാനിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ശേഖരിച്ച വിവരങ്ങൾ ഏജൻസികൾ ഉപയോ​ഗിക്കുന്ന കാര്യത്തിൽ പരാമർശമുണ്ടായിരുന്നില്ല.

Also Read:

National
വാടകക്കാർക്കിടയിൽ ഫ്ലഷ് ചെയ്യുന്നതിനെ ചൊല്ലി തർക്കം; 18കാരൻ കുത്തേറ്റ് മരിച്ചു

രാജ്യ സുരക്ഷയ്ക്കടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളിൽ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങൾ നിശ്ചിത വിഷയത്തിന്മേലുള്ള സന്ദേശങ്ങൾ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും വിലക്കാനും സർക്കാരിന് കമ്പനികൾക്കു നിർദ്ദേശം നൽകാം. ഇതിനുള്ള അധികാരം കേന്ദ്ര/സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർക്കാണ്. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനോ ഐജി റാങ്കിൽ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥനോ ആഭ്യന്തര സെക്രട്ടറിയെ മുൻകൂറായി അറിയിക്കാതെ ‘നിയമപരമായ ഫോൺ ചോർത്തലിന്’ ഉത്തരവിടാം. മൂന്ന് ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചിരിക്കണം. ഏഴ് ദിവസത്തിനകം ആഭ്യന്തര സെക്രട്ടറി ഈ ചോർത്തലിന് അംഗീകാരം നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം.

ജോയിന്റ് സെക്രട്ടറി തലത്തിലോ അന്വേഷണ ഏജൻസികളുടെ തലത്തിലോ നടത്തുന്ന ഫോൺ ചോർത്തൽ പരിശോധിക്കാനായി കേന്ദ്രത്തിൽ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതിയും സംസ്ഥാനത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യു കമ്മിറ്റികളുണ്ടാകും. രണ്ട് മാസത്തിലൊരിക്കൽ യോഗം ചേർന്ന് ഇത്തരം ചോർത്തലുകൾ നിയമപരമാണോയെന്ന് വിലയിരുത്തണം. ഇല്ലെങ്കിൽ ഇവ അവസാനിപ്പിച്ച് രേഖകൾ നശിപ്പിക്കാൻ നിർദ്ദേശിക്കാം.

Content Highlight : Govt releases fresh rules for phone interception

To advertise here,contact us