'അല്ലു സിനിമ കണ്ട് തിരിച്ചുപോവുകയല്ല ചെയ്തത്'; അറസ്റ്റില്‍ പ്രതികരിച്ച് രേവന്ത് റെഡ്ഡി

പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: നടന്‍ അല്ലു അര്‍ജുന്റെ നാടകീയ അറസ്റ്റില്‍ പ്രതികരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പൊലീസ് ഇവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് രേവന്ത് റെഡ്ഡി പ്രതികരിച്ചു. 'അല്ലു അര്‍ജ്ജുന്‍ സിനിമ കണ്ട് തിരിച്ചുപോവുകയല്ല ചെയ്തത്. മറിച്ച്, സിനിമയുടെ റിലീസ് ആഘോഷിക്കുന്ന ഫാന്‍സിനെ കാറിന്റെ റൂഫ് തുറന്ന് പുറത്തേക്ക് വന്ന് അഭിസംബോധന ചെയ്യുകയാണ്. ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി', രേവന്ത് റെഡ്ഡി വിശദ്ദീകരിച്ചു.

അല്ലു അര്‍ജ്ജുനെതിരായ നടപടിയില്‍ ഇന്ന് രാവിലെയും സമാനമായ പ്രതികരണമാണ് രേവന്ത് റെഡ്ഡി നടത്തിയത്. കേസ് അതിന്റെ വഴിക്ക് പോകുമെന്നും അന്വേഷണത്തില്‍ ആരും ഇടപെടില്ലെന്നുമാണ് രേവന്ത് റെഡ്ഡി പ്രതികരിച്ചത്.

അല്ലു അര്‍ജുന്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. അല്ലുവിന്റെ അമ്മാവന്‍ ചിരഞ്ജീവി കോണ്‍ഗ്രസുകാരനാണ്. ഭാര്യാ പിതാവിന്റേതും കോണ്‍ഗ്രസ് കുടുംബമാണ്. കുടുംബവും ബന്ധങ്ങളും നിയമനടപടിക്ക് തടസ്സമല്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സ് വീട്ടിലെത്തിയായിരുന്നു അല്ലുവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് റിമാന്‍ഡില്‍ വിട്ട് ജയിലിലേക്ക് കൊണ്ടുപൊയെങ്കിലും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

മനഃപൂര്‍വ്വമല്ലാത്ത നരഹത്യകുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ട്. എന്നാല്‍ കുറ്റം അല്ലു അര്‍ജുന് മേല്‍ മാത്രം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. സൂപ്പര്‍ താരമാണെന്ന് കരുതി പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി.

ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Content Highlights: Revanth Reddy Reaction on allu arjun Arrest

To advertise here,contact us