'എല്ലാവർക്കും നന്ദി; ഞാൻ നിയമം അനുസരിക്കുന്നവൻ, അന്വേഷണവുമായി സഹകരിക്കും'; അല്ലു അർജുന്റെ ആദ്യ പ്രതികരണം

മരിച്ച യുവതിയുടെ കുടുംബത്തിന്റെ ഒപ്പം താൻ എപ്പോഴുമുണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു

ഹൈദരാബാദ്: പുഷ്പ 2 സ്പെഷ്യൽ ഷോയുടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച കേസിൽ ജയിൽമോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് നടൻ അല്ലു അർജുൻ. തന്നെ പിന്തുണച്ച എല്ലാവർക്കും അല്ലു അർജുൻ നന്ദി പറയുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ജയിൽ മോചിതനായ അല്ലു അർജുൻ വീട്ടിലെത്തിയ ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.

'ആരാധകർ അടക്കമുള്ള നിരവധി പേർ എനിക്ക് പിന്തുണയുമായി എത്തി. അവർക്കെല്ലാവർക്കും ഞാൻ നന്ദി പറയുകയാണ്. രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാൻ. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്റെ ഒപ്പം എപ്പോഴുമുണ്ടാകും' എന്നും അല്ലു അർജുൻ പറഞ്ഞു.

Also Read:

National
മോദിയും രാഹുലും ഇന്ന് 'നേർക്കുനേർ'; 'ഭരണഘടന' ചർച്ചയിൽ ഇരുവരുടെയും പ്രസംഗം ഇന്ന്

ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ അല്പസമയം മുൻപാണ് ജയിൽ മോചിതനായി പുറത്തുവന്നത്. കേസിൽ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നായിരുന്നു ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. അല്ലുവിനെ സ്വീകരിക്കാൻ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചൽഗുഡ ജയിൽ പരിസരത്ത് എത്തിയിരുന്നു. ജയിലിന് പുറത്ത് വൻ പൊലീസ് സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്റെ പിന്‍ഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്. ജയിലില്‍ നിന്നിറങ്ങി അല്ലു ആദ്യം എത്തിയത് സ്വന്തം ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്റെ ഓഫീസിലാണ്.

Content Highlights: Allu Arjuns first response after coming out of jail

To advertise here,contact us