'തോൽക്കുമ്പോൾ മാത്രം വോട്ടിങ് മെഷീനുകളെ കുറ്റം പറയുന്നത് നിർത്തുക'; കോൺഗ്രസിന് ഒമർ അബ്ദുള്ളയുടെ വിമർശനം

ഒരു ദിവസം വോട്ടർമാർ നമ്മളെ സ്വീകരിക്കും, പിറ്റേ ദിവസം സ്വീകരിക്കില്ല. താൻ ഒരിക്കലും മെഷീനുകളെ കുറ്റം പറഞ്ഞിട്ടില്ലെന്നും ഒമർ അബ്ദുള്ള

ശ്രീനഗർ: ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകൾക്കെതിരെ പരാതിയുമായി രംഗത്തുവരുന്ന കോൺഗ്രസ് സമീപനത്തിനെതിരെ സഖ്യകക്ഷി നേതാവ് തന്നെ രംഗത്ത്. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയാണ് ഒരഭിമുഖത്തിൽ കോൺഗ്രസ് നിലപാടിനെതിരെ രംഗത്തുവന്നത്.

പാർലമെന്റിൽ നൂറിലധികം എംപിമാർ ഉള്ളപ്പോൾ വോട്ടിങ് മെഷീനുകൾക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ ശേഷം മാസങ്ങൾക്കിപ്പുറം ഫലം തിരിച്ചാകുമ്പോൾ മെഷീനുകളെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. പ്രശ്നമുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടത്'; ഒമർ അബ്ദുള്ള പറഞ്ഞു. ഒരു ദിവസം വോട്ടർമാർ നമ്മളെ സ്വീകരിക്കും, പിറ്റേ ദിവസം സ്വീകരിക്കില്ല. അങ്ങനെയുള്ളപ്പോൾ താൻ ഒരിക്കലും മെഷീനുകളെ കുറ്റം പറഞ്ഞിട്ടില്ലെന്നും ഒമർ കൂട്ടിച്ചേർത്തു.

Also Read:

Kerala
മുനമ്പം ജനതയ്ക്ക് റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പം ഉണ്ടാകും; വി ഡി സതീശന്‍

ജമ്മു കശ്‌മീരിൽ നാഷണൽ കോൺഫറൻസുമായി സഖ്യത്തിലേർപ്പെട്ടാണ് കോൺഗ്രസ് മത്സരിച്ചത്. നേരത്തെ ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിൽ തോറ്റപ്പോൾ കോൺഗ്രസ് വോട്ടിങ് മെഷീനുകൾക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. മെഷീനുകളിൽ കൃത്രിമം നടന്നുവെന്നും ബിജെപിക്കനുകൂലമായി വോട്ടുകൾ രേഖപ്പെടുത്തപ്പെടുന്നു എന്നുമായിരുന്നു വിമർശനം. ഈ ആരോപണങ്ങളെയെല്ലാം ബിജെപി തള്ളുകയും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് രംഗത്തുവരികയും ചെയ്തിരുന്നു. ഇതോടൊപ്പമാണ് സ്വന്തം സഖ്യകക്ഷിയും കോൺഗ്രസിനെതിരെ രംഗത്തുവന്നത്.

ഇൻഡ്യ സഖ്യത്തിൽ അനവധി വിള്ളലുകൾ ഉണ്ടായിക്കൊണ്ടിയിരിക്കുന്നുവെന്ന സൂചനകൾ ഉള്ള സമയത്താണ് ഒമർ അബ്ദുള്ള കോൺഗ്രസ് നിലപാടിനെ വിമർശിച്ചുകൊണ്ട് രംഗത്തുവരുന്നത് എന്നതാണ് ശ്രദ്ധേയം. നേരത്തെ സഖ്യത്തിനെ കോൺഗ്രസ് നയിക്കുന്നതിനെതിരെയും ഒമർ രംഗത്തുവന്നിരുന്നു. നേതൃപദവി പ്രവർത്തിച്ചു നേടേണ്ടതാണെന്നും അതൊരു അവകാശമല്ല എന്നുമായിരുന്നു കോൺഗ്രസിനെ ഉദ്ദേശിച്ചുകൊണ്ട് ഒമർ പറഞ്ഞത്.

Content Highlights: Omar Abdullah against Congress stand on EVM's

To advertise here,contact us