പ്രതിപക്ഷ പ്രതിഷേധത്തിൽ വിറച്ചു?; അംബേദ്കർ പരാമർശ വിവാദത്തിൽ പ്രത്യേക വിശദീകരണവുമായി അമിത് ഷാ

ഡല്‍ഹിയില്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു വിവാദങ്ങളില്‍ അമിത് ഷാ പ്രതികരിച്ചത്

ഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ക്കെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടുപോയ സര്‍ക്കാരാണ് ബിജെപിയുടേതെന്ന് അമിത് ഷാ പറഞ്ഞു. ഭരണഘടനയേയും അംബേദ്കറേയും അപമാനിക്കുന്നത് കോണ്‍ഗ്രസ് ആണ്. സത്യം അസത്യം കൊണ്ട് മൂടി കള്ളപ്രചാരണം നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.ഡല്‍ഹിയില്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു വിവാദ വിഷയത്തിൽ അമിത് ഷാ പ്രതികരിച്ചത്.

Also Read:

National
'അംബേദ്കറിനെ അമിത് ഷാ അപമാനിച്ചു'; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ഇരു സഭകളും നിര്‍ത്തിവെച്ചു

കോണ്‍ഗ്രസ് എക്കാലവും ഭരണഘടനയ്ക്കും അംബേദ്കറിനും എതിരായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അംബേദ്കറിനെ ഒരു കാലത്തും ആദരിച്ചിട്ടില്ല. അംബേദ്കര്‍ക്ക് ഭാരതരത്‌നം നല്‍കിയത് ബിജെപി പിന്തുണച്ച സര്‍ക്കാരാണ്. രാജ്യസഭയിലെ തന്റെ പ്രസ്താവന കോണ്‍ഗ്രസ് വളച്ചൊടിച്ചു. തന്റെ പ്രസംഗം എ ഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. തന്റെ മുഴുവന്‍ പ്രസ്താവനയും കേള്‍ക്കണം. തന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളെ അറിയിക്കണം. സമൂഹ്യ മാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കണം. അംബേദ്കറെ സ്വപ്‌നത്തില്‍ പോലും താന്‍ അപമാനിച്ചിട്ടില്ല. ദളിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ക്കായി അംബേദ്കര്‍ നടത്തിയ പോരാട്ടങ്ങള്‍ അംഗീകരിക്കുന്നവരാണ് തങ്ങളെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസം അമിത് ഷാ രാജ്യസഭയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 'അംബേദ്കര്‍ എന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധം അഴിച്ചുവിട്ടു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭയും രാജ്യസഭയും സ്തംഭിച്ചിരുന്നു.

Content Highlights- amit shah special press meet for give explanation over statement against Dr. B R Ambedkar

To advertise here,contact us