വിദ്വേഷ പ്രസംഗം: 'ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കി'; അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് ശാസന

മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിച്ചെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് ശാസന. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ സുപ്രീംകോടതി കൊളീജിയം ശാസിച്ചു. പരാമര്‍ശം ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പൊതു പ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസും മര്യാദയും പാലിക്കണമെന്നും പദവി അറിഞ്ഞ് സംസാരിക്കണമെന്നും കൊളീജിയം വ്യക്തമാക്കി. മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിച്ചെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി.

കഴിഞ്ഞ ദിവസമാണ് ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയിത്തിന് മുന്നില്‍ ഹാജരായത്. ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പരാമര്‍ശം.

Also Read:

International
പ്രതിഷേധം ശക്തം: ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍

രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകുമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു.

വിവാദ പരാമര്‍ശത്തില്‍ ശേഖര്‍ കുമാര്‍ യാദവിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പല കോണുകളില്‍ നിന്നും കത്തുകള്‍ വന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതി വിഷയത്തില്‍ സ്വമേധയാ ഇടപെട്ടത്. അലഹബാദ് ഹൈക്കോടതി രജിസ്ട്രിയോട് വിശദാംശങ്ങള്‍ തേടിയ സുപ്രീംകോടതി വിഎച്ച്പി വേദിയില്‍ ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.

Content Highlight: Hate speech Reprimand to Allahabad High Court judge

To advertise here,contact us