കൊൽക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ ബലാല്‍സംഗ കൊലപാതകം; പുനരന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

സിബിഐയുടെ കുറ്റപത്രം വൈകിയത് ഉള്‍പ്പടെയുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹര്‍ജി.

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിൽ പിജി ട്രെയിനി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹർജി നൽകി. സിബിഐയുടെ കുറ്റപത്രം വൈകിയത് ഉള്‍പ്പടെയുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹര്‍ജി.

ഈ വർഷം ഓഗസ്റ്റ് 6 നാണ് ആർജി കർ മെഡിക്കൽ കോളജിലെ പിജി ട്രെയിനി ഡോക്ടർ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കേസിലെ പ്രതിയും മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായ സന്ദീപ് ഘോഷിനും കൊൽക്കത്ത മുൻ പൊലീസ് ഓഫീസർ അഭിജിത്ത് മൊണ്ഡലിനും സീൽദാ കോടതി ദിവസങ്ങൾക്കു മുമ്പാണ് ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനുപിന്നാലെ സംഭവത്തിൽ വീണ്ടും പ്രതിഷേധം ശക്തമായിരുന്നു. സിബിഐയുടെ അന്വേഷണം പരാജയപ്പെട്ടെന്ന് ആരോപിച്ച് കൊൽക്കത്തയിലെ അഞ്ച് മെഡിക്കൽ അസോസിയേഷനുകളുടെ സംഘടനയായ WBJPD പത്തുദിവസത്തെ കുത്തിയിരിപ്പ് സമരവും പ്രഖ്യാപിച്ചു. ഈ മാസം 26 വരെയാണ് സമരം.

കൊൽക്കത്ത പൊലീസിലെ സിവിക് വോളണ്ടിയർ ആയ സഞ്ജയ് റോയ് ആണ് കേസിലെ പ്രധാനപ്രതി. ആർജി കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്‌ടറെ പുലർച്ചെയാണ് കൊലപ്പെടുത്തിയത്. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായിരുന്നു 31കാരി. രാത്രി രണ്ട് മണിക്ക് തന്റെ ജൂനിയേഴ്സിന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷം സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്നു അവർ. ഈ സമയത്താണ് പ്രതി ഡോക്ടറെ ഹിനമായി ബലാത്സം​ഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും യഥാർത്ഥ പ്രതിയെ പൊലീസും മമത ബാനർജി സർക്കാരും ചേർന്ന് സംരക്ഷിക്കുകയാണെന്ന തരത്തിൽ ആരോപണവും പ്രതിഷേധങ്ങളും ശക്തമായിരുന്നു.

കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലായ സന്ദീപ് ഘോഷിനെതിരായ ആരോപണം. മൃതദേഹം കണ്ടെത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നതാണ് കൊൽക്കത്ത മുൻ പൊലീസ് ഓഫീസർ അഭിജിത്ത് മൊണ്ഡലിനെതിരായ ആരോപണം.

Also Read:

National
അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജി; പേര് ആവര്‍ത്തിച്ച് വിളിച്ച് വിജയ്

Content Highlights: Parents of doctor who raped and murdered at RG Kar hospital Kolkata seeking a fresh investigation

To advertise here,contact us