മുഹമ്മദ് സുബൈര്‍ കൊടും ക്രിമിനല്‍ അല്ല; അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി

യതി നരസിംഹാനന്ദിൻ്റെ പ്രകോപനമായ പ്രസംഗത്തെക്കുറിച്ചുള്ള സുബൈറിൻ്റെ എക്‌സ് പോസ്റ്റാണ് കേസിനാധാരം

ലഖ്‌നൗ: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി. യതി നരസിംഹാനന്ദിനെതിരായ എക്‌സ് പോസ്റ്റിൻ്റെ പേരിൽ നല്‍കിയ അപകീര്‍ത്തികേസിലെ അറസ്റ്റാണ് ജനുവരി ആറ് വരെ തടഞ്ഞ്. മുഹമ്മദ് സുബൈര്‍ കൊടും ക്രിമിനല്‍ അല്ലെന്നും ജസ്റ്റിസ് സിദ്ധാര്‍ത്ഥ വര്‍മ, ജസ്റ്റിസ് നളിന്‍ കുമാര്‍ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം അടുത്ത വാദം കേള്‍ക്കുന്ന ജനുവരി ആറാം തീയ്യതി വരെ സുബൈര്‍ രാജ്യം വിടരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തില്‍ പൊലീസുമായി സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് ബെഞ്ചിന്റെ ഉത്തരവ്. ജനുവരി ആറിന് വിശദമായ പ്രതിവാദം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യതി നരസിംഹാനന്ദിന്റെ പ്രകോപനമായ പ്രസംഗത്തെക്കുറിച്ചുള്ള സുബൈറിന്റെ എക്‌സ് പോസ്റ്റാണ് കേസിനാധാരം. യതി നരസിംഹാനന്ദ് സരസ്വതി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ഉദ്ധിത ത്യാഗിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുബൈറിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 152 പ്രകാരമാണ് കേസെടുത്തത്.

Also Read:

National
'കാലത്തിൻ്റെ കാവ്യനീതി', ഔറംഗാസേബിൻ്റെ പിന്മുറക്കാര്‍ ഇന്ന് റിക്ഷവലിക്കുന്നു; വിവാദമായി യോഗിയുടെ പരാമർശം

ഇന്ന് നടന്ന വാദത്തില്‍ യതി നരസിംഹാനന്ദയ്‌ക്കെതിരെ സുബൈര്‍ പോസ്റ്റ് ചെയ്ത എക്‌സ് പോസ്റ്റുകളെല്ലാം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇവയെല്ലാം തന്നെ പാതി വെന്ത വിവരങ്ങളാണെന്നും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും സര്‍ക്കാര്‍ വാദിച്ചു. സുബൈറിന്റെ പോസ്റ്റ് യതിക്കെതിരെ അക്രമം അഴിച്ചുവിടാന്‍ പ്രചോദനം നല്‍കുന്നതാണെന്നും വിഘടനവാദ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മനീഷ് ഗോയല്‍ പറഞ്ഞു.

ഒക്ടോബര്‍ മൂന്നിനാണ് യതിക്കെതിരായ പോസ്റ്റ് സുബൈര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ യതിയുടെ അപകീര്‍ത്തി പരാമര്‍ശമടങ്ങിയ ഒരു വീഡിയോയായിരുന്നു ആദ്യത്തെ പോസ്റ്റ്. ഉത്തര്‍പ്രദേശ് പൊലീസിനെ ടാഗ് ചെയ്ത് കൊണ്ട് എന്ത് നടപടിയാണ് ഇതിനെതിരെ സ്വീകരിച്ചതെന്ന് ചോദിച്ചായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.

Also Read:

National
ഹണിമൂണ്‍ കശ്മീരിലേക്കെന്ന് വരന്‍, തീര്‍ത്ഥാടന കേന്ദ്രം മതിയെന്ന് ഭാര്യാ പിതാവ്; വാക്കുതര്‍ക്കം, ആസിഡ് ആക്രമണം

പിന്നാലെയാണ് സുബൈറിനെതിരെ പരാതി നല്‍കുന്നത്. മുസ്‌ലിങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സുബൈര്‍ പഴയ വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിച്ചതെന്നാണ് പരാതി. എന്നാല്‍ പരാതിക്കെതിരെ സുബൈര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സുബൈര്‍ തന്റെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുകയായിരുന്നുവെന്ന് സുബൈറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. സുബൈര്‍ മാത്രമല്ലെന്നും നിരവധി പുതിയ ലേഖനങ്ങളും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഇതേ കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പുതുതായൊന്നും സുബൈര്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.

Content Highlights: Allahabad HC Stays Arrest Of Alt news Co founder Mohd Zubair in Defamation case

To advertise here,contact us