മഹാരാഷ്ട്രയിൽ ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ; അജിത് പവാറിന് ധനകാര്യത്തിൻ്റെ 'പവർ', ഷിൻഡെയ്ക്ക് പിഡബ്ല്യുഡി

വകുപ്പ് വിഭജനം കഴിയുമ്പോൾ മന്ത്രിസഭയിലെ ശക്തൻ എന്ന പ്രതീതി ദേവേന്ദ്ര ഫട്നാവിസ് സൃഷ്ടിച്ചിട്ടുണ്ട്

മുംബൈ: ദേവേന്ദ്ര ഫട്നാവിസിൻ്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ മഹായുതി സഖ്യ സർക്കാർ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ അഭ്യന്തര വകുപ്പിന് അവകാശവാദം ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ വകുപ്പ് വിഭജനം കീറാമുട്ടിയാകുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലവിലെ തീരുമാനപ്രകാരം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനാണ് അഭ്യന്തര വകുപ്പിൻ്റെ ചുമതല. എൻസിപി നേതാവ് അജിത് പവാർ ധനകാര്യ ആസൂത്രണ വകുപ്പുകൾ കൈകാര്യം ചെയ്യും. എന്നാൽ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് പൊതുമരാമത്ത്, ന​ഗരവികസനം തുടങ്ങിയ വകുപ്പുകളാണ് ലഭിച്ചിരിക്കുന്നത്.

വകുപ്പ് വിഭജനം കഴിയുമ്പോൾ മന്ത്രിസഭയിലെ ശക്തൻ എന്ന പ്രതീതി ദേവേന്ദ്ര ഫട്നാവിസ് സൃഷ്ടിച്ചിട്ടുണ്ട്. ഊർജ്ജം, നിയമം ജുഡീഷ്യറി, പൊതുഭരണം തുടങ്ങിയ നിർണ്ണായക വകുപ്പുകളും മുഖ്യമന്ത്രി കൈവശം വയ്ക്കും. അജിത് പവാറിന് ധനകാര്യത്തിന് പുറമെ പ്രധാനപ്പെട്ട വകുപ്പായ എക്സൈസും കൈമാറിയിട്ടുണ്ട്. ശിവസേന നേതാവ് ഉദയ് സാമന്താണ് വ്യവസായ വകുപ്പ് മന്ത്രി. ബിജെപി നേതാവ് പങ്കജ മുണ്ടെ പരിസ്ഥിതി വകുപ്പും എൻസിപി നേതാവ് മാണിക്റാവു കോകട്ടെയ്ക്ക് കൃഷി വകുപ്പും കൈമാറി.

Also Read:

Thiruvananthapuram
നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു

കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന പത്ത് മന്ത്രിമാരെ ദേവേന്ദ്ര ഫട്നാവിസ് ഒഴിവാക്കിയിട്ടുണ്ട്. 16 പുതുമുഖങ്ങളാണ് ഇത്തവണ മഹായുതി മന്ത്രിസഭയിൽ ഇടം നേടിയത്. ബി.ജെ.പിക്ക് 19 മന്ത്രിസ്ഥാനങ്ങളും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 11ഉം അജിത് പവാറിന്റെ എൻ.സി.പിക്ക് ഒമ്പതും മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിരിക്കുന്നത്.

Content Highlights: Devendra Fadnavis keeps Home, Ajit Pawar gets Finance in new Maharashtra Cabinet

To advertise here,contact us