അല്ലു അര്‍ജുന്റെ വീട് ആക്രമണം; അറസ്റ്റിലായവരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും, മുഖ്യമന്ത്രിയുടെ അനുയായി

പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ശ്രീനിവാസ റെഡ്ഡി

ഹൈദരാബാദ്: തെലുങ്ക് താരം അല്ലു അര്‍ജുന്റെ വീട് ആക്രമണത്തില്‍ അറസ്റ്റിലായവരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും.അറസ്റ്റിലായ ശ്രീനിവാസ റെഡ്ഡി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അടുത്ത അനുയായിയാണെന്നാണ് വിവരം. പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ശ്രീനിവാസ റെഡ്ഡി.

പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ സംഘം കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചത്. ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിയുകയായിരുന്നു. സംഘം ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് വീട അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കുകയായിരുന്നു.

Also Read:

Kerala
പൊലീസ് തലപ്പത്ത് പോര് മുറുകുന്നു; എം ആർ അജിത്കുമാറിനെതിരെ കേസെടുക്കണമെന്ന് പി വിജയന്‍

പുഷ്പ 2 റിലീസിങ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക് നീതി ഉറപ്പാക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംഘം പ്രതിഷേധിച്ചത്. പുഷ്പ 2-വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. സംഭവത്തില്‍ അല്ലു അര്‍ജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യക്കേസിലെ അറസ്റ്റില്‍ മണിക്കൂറുകള്‍ക്കകം ജാമ്യം കിട്ടിയെങ്കിലും ഒരു രാത്രി അല്ലു അര്‍ജുന് ജയിലില്‍ കിടക്കേണ്ടി വന്നു. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകന്‍ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

Content Highlight: Youth Congress leader arrested in Allu Arjun's house attack

To advertise here,contact us