ചുറ്റും മലയാളികളെ കൂട്ടിയെന്ന പേരുദോഷം ഉണ്ടായിരുന്നു;മന്‍മോഹൻ സിംഗിന് കേരളത്തോട് പ്രത്യേക മമതയെന്ന് ടികെഎ നായർ

മലയാളികള്‍ പ്രധാനമന്ത്രിയെ വളഞ്ഞിരിക്കുകയാണെന്ന് പറയും. ആ വിമര്‍ശനത്തെ അദ്ദേഹം കൂട്ടാക്കിയിരുന്നില്ലെന്നും ടികെഎ നായര്‍

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിംഗിന് കേരളത്തോട് പ്രത്യേക മമതയുണ്ടായിരുന്നുവെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍. ഒരു മാസം മുമ്പും മന്‍മോഹന്‍ സിംഗിനെ കണ്ടിരുന്നു. തീരെ അവശനിലയില്‍ ആയിരുന്നു. കേരളത്തിനോട് അദ്ദേഹത്തിന് പ്രത്യേക മമത ഉണ്ടായിരുന്നു. പല ആളുകളും ഇക്കാര്യത്തില്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. ചുറ്റും കുറേയേറെ മലയാളികളെ കൂട്ടിയിട്ടുണ്ടെന്ന പേരുദോഷം ഉണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ പ്രധാനമന്ത്രിയെ വളഞ്ഞിരിക്കുകയാണെന്ന് പറയും. ആ വിമര്‍ശനത്തെ അദ്ദേഹം കൂട്ടാക്കിയിരുന്നില്ലെന്നും ടികെഎ നായര്‍ പറഞ്ഞു.

ആണവകരാറില്‍ നിന്നും പിന്മാറണമെന്ന് ഒരിക്കല്‍പോലും മന്‍മോഹന്‍ സിംഗ് വിചാരിച്ചില്ല. രാജ്യത്തിന്റെ പുരോഗതിക്ക് അത്യാവശ്യമായ കാര്യമാണ് അതെന്ന ചിന്ത തന്നെയായിരുന്നു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടാന്‍ അത് കാരണമാവുമെന്നും വിചാരിച്ചിരുന്നുവെന്നും ടികെഎ നായര്‍ പറഞ്ഞു.

Also Read:

National
ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

രാജ്യത്തിന് തീരാനഷ്ടമാണ് മന്‍മോഹന്‍ സിംഗിന്റെ വിയോഗം. സ്വന്തം പേരിനും പ്രസക്തിയേക്കാളും രാജ്യത്തിന്റെ താല്‍പര്യം മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ച മഹാനാണ് അദ്ദേഹം. പുരോഗമനാത്മകമായ നിരവധി കാര്യങ്ങള്‍ ചെയ്‌തെങ്കിലും ക്രെഡിറ്റ് അവകാശപ്പെടരുതെന്ന് അദ്ദേഹം പറയുമായിരുന്നു. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമെന്ന് പറയണം. സ്ഥാപിത താല്‍പര്യമില്ലാതെ പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാവാണ് മന്‍മോഹന്‍ സിംഗെന്നും ടികെഎ ഓര്‍മ്മിക്കുന്നു.

Content Highlights: TKA Nair condoles Manmohan Singh

To advertise here,contact us