'സല്യൂട്ട് നൽകുമ്പോൾ പ്രധാനമന്ത്രി എഴുന്നേറ്റില്ല'; മൻമോഹൻ സിങിനെ അപമാനിച്ചെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ്

നേരത്തെ മൻമോഹൻ സിങിന് സ്മാരകം പണിയുന്നതുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു

ന്യൂ ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കേന്ദ്രസർക്കാർ അപമാനിച്ചെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ്. മൻമോഹൻ സിങിനെക്കാളും കൂടുതൽ പ്രാധാന്യം ബിജെപി നേതാക്കൾക്ക് നല്‍കിയെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തെയും വിലമതിച്ചില്ല എന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി.

മൻമോഹൻ സിങിന്റെ സംസ്കാര ചടങ്ങുകളുടെ പ്രക്ഷേപണം ദുരദർശനിൽ മാത്രമാക്കി എന്നാണ് പവൻ ഖേര ആരോപിക്കുന്നത്. കുടുംബാംഗങ്ങളെക്കാൾ കൂടുതൽ മോദി, അമിത് ഷാ എന്നിവരെയാണ് ടിവിയിൽ കാണിച്ചത്. സിങിന്റെ കുടുംബത്തിന് നൽകിയത് വെറും മൂന്ന് കസേര മാത്രമാണ്. അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസ്സപ്പെടുത്തിയെന്നും ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നൽകുമ്പോഴും പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല എന്നും പവൻ ഖേര ആരോപിച്ചു.

Also Read:

National
നടി ഊർമിള കോട്ടാരെയുടെ കാർ പാഞ്ഞുകയറി ഒരു തൊഴിലാളി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

നേരത്തെ മൻമോഹൻ സിങിന് സ്മാരകം പണിയുന്നതുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. സംസ്കാരം പൊതുശ്മശാനമായ നിഗംബോധ്ഘട്ടിലാണ് നടക്കുന്നത് എന്നും സ്മാരകത്തിനായി പ്രത്യേക സ്ഥലം ഇതിനായി അനുവദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് കേന്ദ്രസർക്കാർ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ശേഷം വിവാദം കനത്തതോടെ ഒരു ട്രസ്റ്റ് രൂപികരിച്ചതിന് ശേഷം സ്ഥലം കൈമാറുമെന്നും കേന്ദ്രം അറിയിച്ചു.

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന മുൻ യുപിഎ സർക്കാരിൻ്റെ കാലത്ത് പ്രധാന മന്ത്രിമാർ ഉൾപ്പടെയുള്ളവർ മരിച്ചാല്‍ പ്രത്യേക സ്ഥലം സ്മാരകത്തിനായി അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ഉയർത്തിയാണ് കേന്ദ്രം കോൺഗ്രസിൻ്റെ വാദത്തെ പ്രതിരോധിച്ചത്. രാജ്യത്തിൻ്റെ ആദ്യ സിഖ് പ്രധാനമന്ത്രിയെ അപമാനിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.

Content Highlights: Congress strengthens allegations on bjp regarding manmohan singh funeral

To advertise here,contact us