മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നല്‍കും; സംസ്കാരം രാവിലെ 11.45 ന് നിഗംബോധ്ഘട്ടില്‍

മൻമോഹൻ സിംഗിന് ആദരവ് അർപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സർവ്വമത പ്രാർത്ഥന സംഘടിപ്പിക്കും

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11.45ന് നിഗംബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ജൻപഥ് മൂന്നാം നമ്പർ വസതിയിലുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതൽ 9.30 വരെ എഐസിസി ആസ്ഥാനത്ത് പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്കാര സ്ഥലമായ നിഗംബോധ്ഘട്ടിലേക്ക് കൊണ്ടുപോകുക. പൂർണ്ണ സൈനിക ബഹുമതിയോടെയാവും സംസ്കാര ചടങ്ങുകൾ നടക്കുക.

അതേസമയം, സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ് ആവശ്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിൽ ശക്തമായ പ്രതിഷേധത്തിലാണ് കോൺഗ്രസ്. മൻ മോഹൻ സിംഗിനോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മൻമോഹൻ സിംഗിന് ആദരവ് അർപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സർവ്വമത പ്രാർത്ഥന സംഘടിപ്പിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാവും സർവ്വമത പ്രാർത്ഥനയും അനുശോചന യോഗങ്ങളും സംഘടിപ്പിക്കുക.. ഇതിൻ്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരം അനുശോചന യോഗങ്ങൾ നടക്കും. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ രാവിലെ എട്ടു മുതൽ സർവ്വമത പ്രാർത്ഥന തുടങ്ങും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, മുതിർന്ന നേതാവ് എ കെ ആൻ്റണി എന്നിവർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിച്ച് ഇന്നലെ രാത്രിയോടെയാണ് കേരളത്തിലേക്ക് മടങ്ങിയത്.

Also Read:

Kerala
പെരിയ ഇരട്ടക്കൊലപാതകം; സിബിഐ കോടതി ഇന്ന് വിധി പറയും

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മന്‍മോഹന്‍ സിംഗിൻ്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.

content highlight- Dr. Manmohan Singh's cremation today

To advertise here,contact us