ക്രിസ്ത്യൻ പള്ളിയിൽ കയറി ജയ് ശ്രീറാം വിളിച്ചു; വീഡിയോ ചിത്രീകരിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസ്

ക്രൈസ്തവ ഭക്തിഗാനങ്ങൾ വക്രീകരിച്ച് പാടുകയും ആകാശ് സാഗർ ചെയ്യുന്നുണ്ട്

ഷില്ലോങ്: ക്രൈസ്തവ ദേവാലയത്തിൽ കടന്നുകയറി മൈക്കിൽ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങൾ ചൊല്ലിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസ്. ആകാശ് സാഗർ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മേഘാലയയിലെ ഈസ്റ്റ് കാശി ഹിൽസ് ജില്ലയിലെ മാവ്ലിനോങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പള്ളിയിൽ കയറിയാണ് യുവാവ് ജയ് ശ്രീറാം അടക്കമുള്ള നാമങ്ങൾ ചൊല്ലിയത്. ആകാശിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ, ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം പള്ളിയിലെ അൾത്താരയിൽ കയറിയ ആകാശ്, മൈക്കിന് മുൻപിൽ ചെന്ന് പാടുകയും ജയ് ശ്രീറാം എന്ന് ഇടയ്ക്കിടെ ചൊല്ലുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ ഭക്തിഗാനങ്ങൾ വക്രീകരിച്ച് പാടുകയും ചെയ്യുന്നുണ്ട്.

ഷില്ലോങ്ങിലെ ഒരു ആക്ടിവിസ്റ്റ് ആണ് ആകാശിനെതിരെ പൊലീസിൽ പരാതി നൽകിയത്. ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്. ഇത് പ്രകാരം ആകാശിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ ജയ് ശ്രീ റാം വിളിച്ചതിനാണോ തനിക്കെതിരെ കേസ് എടുത്തതെന്ന് ചോദിച്ച ആകാശ്, തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് തന്റെ വിമർശകരാണെന്നും പറഞ്ഞ് ന്യായീകരിക്കുകയാണ് ചെയ്തത്.

Content Highlights: Influencer Chants Religious Slogan In Meghalaya Church, Case Filed

To advertise here,contact us