ഐസൊലേഷൻ സജ്ജമാക്കണം, മരുന്നുകൾ കരുതണം; എച്ച്എംപിവി നേരിടാൻ മുൻകരുതലെടുത്ത് ഡൽഹി

രോഗങ്ങളെ നേരിടാൻ തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഡൽഹിയിലെ ആശുപത്രികൾക്ക് നിർദ്ദേശം നൽകി

ന്യൂഡൽഹി: രാജ്യത്ത് ആദ്യ എച്ച്എംപിവി സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വെല്ലുവിളികൾക്കുള്ള തയ്യാറെടുപ്പ് ഉറപ്പാക്കാൻ ഒരുങ്ങി ഡൽഹി. കര്‍ണ്ണാടകയില്‍ രണ്ട് പേർക്ക് എച്ച്എംപിവി കേസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. എച്ച്എംപിവിയും മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകളുമായി ബന്ധപ്പെട്ട രോഗങ്ങളും നേരിടാൻ തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഡൽഹിയിലെ ആശുപത്രികൾക്ക് നിർദ്ദേശം നൽകി.

കേസുകളുടെ വിശദമായ രേഖകൾ സൂക്ഷിക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാരസെറ്റമോൾ, ആൻ്റി ഹിസ്റ്റാമൈൻസ്, ബ്രോങ്കോഡിലേറ്ററുകൾ, കഫ് സിറപ്പുകൾ തുടങ്ങിയ മരുന്നുകൾ കരുതിവെക്കണമെന്നാണ് നിർദേശം. ഓക്‌സിജനും നേരിയ തോതിലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളും കരുതണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. സംശയാസ്പദമായ കേസുകളിൽ കർശനമായ ഐസൊലേഷൻ പ്രോട്ടോക്കോളുകളും സാർവത്രിക മുൻകരുതലുകളും നിർബന്ധമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കാര്യത്തിലെന്നപോലെ പൗരന്മാരോട് കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദ്ദേശിച്ചിരുന്നു.

അതേ സമയം, കര്‍ണ്ണാടകയില്‍ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചതായി ഐസിഎംആര്‍ റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനാണ് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. സ്രവപരിശോധന റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്ത് വന്നത്. എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും നേരത്തെ എച്ച്എംപിവി സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. രണ്ട് കുട്ടികള്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല. കുട്ടികളെയും രക്ഷിതാക്കളെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.

Also Read:

National
കര്‍ണ്ണാടകയില്‍ രണ്ട് കുട്ടികൾക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു; ഇരുവര്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല

ചൈനീസ് വേരിയന്റ് ആണോ കുട്ടികള്‍ക്ക് സ്ഥിരീകരിച്ചത് എന്നത് വ്യക്തമല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ശക്തമായ പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ എച്ച്എംപിവി സ്‌കീനിംഗ് നടത്തണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

Content Highlights: Delhi mandates isolation, directs hospitals to report suspected HMPV cases

To advertise here,contact us