എന്താണ് മനുഷ്യർ ഇങ്ങനെ? പെൺകുട്ടിയെ ക്രൂരമായി കൊല്ലുന്നത് നോക്കി നിന്ന് ആളുകൾ; സംഭവം പൂനെയിൽ

അവിടെയുണ്ടായിരുന്ന ഒരാൾ പോലും അതിനെ തടയുകയോ, ആ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്തില്ല

പൂനെ: പൂനെയിൽ ഇരുപത്തിയെട്ടുകാരിയായ യുവതിയെ ആളുകൾ നോക്കിനിൽക്കെ യുവാവ് കുത്തിക്കൊന്നു. നഗരത്തിലെ ഒരു അന്താരാഷ്ട്ര കമ്പനിയിലെ അക്കൗണ്ടന്റ് ആയ യുവതിയെയാണ് ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് യുവാവ് കുത്തിക്കൊന്നത്. എന്നാൽ ഇത്തരത്തിൽ കൃത്യം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന ഒരാൾ പോലും അതിനെ തടയുകയോ, പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്തില്ല.

കമ്പനിയുടെ പാർക്കിങ് ഏരിയയിൽ വെച്ച് വൈകുന്നേരം ആറേകാലോടെയാണ് ഈ ദാരുണമായ സംഭവം നടന്നത്. കത്രജ് സ്വദേശിനിയായ ശുഭധ ശങ്കർ കൊടരെ എന്ന യുവതിയെയാണ് ശിവാജിനഗർ സ്വദേശിയായ കൃഷ്ണ സത്യനാരായൺ എന്ന യുവാവ് കുത്തിക്കൊന്നത്. സംഭവത്തിന്റേതായി പുറത്തുവന്ന ദൃശ്യങ്ങളിൽ യുവാവ് യുവതിയെ കുത്തുന്നതും, യുവതി നിലത്തിരുന്ന് ശ്വാസമെടുക്കാൻ ശ്രമിക്കുന്നതും കാണാം. ഇതിനിടെ യുവാവ് യുവതിക്ക് ചുറ്റും നടക്കുകയും ആളുകളെ ഫോൺ ചെയ്യുകയുമായിരുന്നു. ഈ സമയമെല്ലാം അവിടെയുണ്ടായിരുന്നവർ ഇയാളെ തടയാൻ പോലും ശ്രമിക്കാതെ, നോക്കിനിൽക്കുകയായിരുന്നു.

Also Read:

Kerala
പൊതുവേദിയിലേക്ക് പോകുമ്പോൾ വസ്ത്രധാരണത്തിൽ മാന്യത ഉണ്ടാകണം; ഹണി റോസിന് മറുപടിയുമായി രാഹുൽ ഈശ്വർ

യുവാവ് യുവതിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു എന്നും, അത് തിരിച്ചുനൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സൂചന. ഇരുവരും ഒരേ ഓഫീസിൽ ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പിന്നീട് അറിയിച്ചു. പണത്തെച്ചൊലിയുണ്ടായ തർക്കത്തിന് പിന്നാലെ ഓഫിസിൽ നിന്നിറങ്ങിയ യുവാവ്, പാർക്കിംഗ് ഏരിയയിലെത്തിയ യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

യുവാവ് കത്തി താഴെയിട്ടിട്ടും ആരും യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈ എടുത്തില്ല എന്നതും കൂടിയാണ് ആശ്ചര്യം. ദൃശ്യങ്ങളിൽ കത്തി താഴെയിട്ട ശേഷ യുവാവിനോട് സംസാരിക്കുന്ന ജനങ്ങൾ, ഉടൻ തന്നെ അയാളെ മർദിക്കുന്നതും കാണാം. എന്നാൽ അപ്പോഴും യുവതി അവശയായി നിലത്ത് കിടക്കുകയായിരുന്നു. ഒടുവിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രക്തം വാർന്ന് യുവതി മരിച്ചിരുന്നു.

Content Highlights: Women stabbed to death and no one intervenes

To advertise here,contact us