റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മലയാളിയുടെ മരണം; മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ഇടപെടുന്നതായി വിദേശമന്ത്രാലയം

റഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യന്‍ പൗരന്മാരെയും മോചിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയും ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട് മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. തൃശൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് വിവരം ലഭിച്ചെന്നും മരണത്തില്‍ അനുശോചനം രേഖപെടുത്തുന്നതായും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ജെയിന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു.

മൃതദേഹം ഇന്ത്യയിലേക്ക് വേഗം എത്തിക്കുന്നതിനായി റഷ്യന്‍ അധികൃതരുമായി ആശയവിനിമയം നടത്തുകയാണെന്നും പരിക്കേറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യന്‍ പൗരന്മാരെയും മോചിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയും ആവശ്യപ്പെട്ടതായി രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

Also Read:

National
നടിക്കെതിരായ ബോഡി ഷെയ്മിങ് പരാമർശം; സോഷ്യൽ മീഡിയ പ്രതികരിച്ചതോടെ മാപ്പ് പറഞ്ഞ് തെലുങ്ക് സംവിധായകന്‍

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധത്തില്‍ പങ്കെടുത്ത ബിനില്‍ ബാബു ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. യുക്രൈന്‍ ആക്രമണത്തിലാണ് ബിനില്‍ ബാബു കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജെയിനാണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. മരിച്ച ബിനില്‍ ബാബുവിന്റെ സുഹൃത്താണ് ജെയിന്‍.

ജനുവരി അഞ്ചിനാണ് ബിനില്‍ കൊല്ലപ്പെടുന്നത്. ആറാം തീയതിയാണ് ബിനിലിന്റെ മൃതദേഹം ജെയിന്‍ കാണുന്നത്. തൊട്ടുപിന്നാലെ ഉണ്ടായ ആക്രമണത്തില്‍ ജെയിനും പരിക്കേൽക്കുകയായിരുന്നു.

Content Highlights: Death of Malayali in Russian mercenary army foreign ministry is intervening to bring the dead body to India

To advertise here,contact us