'നൽകുന്നത് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം, മോദിയെപ്പോലെ നിശബ്ദൻ'; കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് രാഹുൽ

അദാനി വിവാദങ്ങളിലും രാഹുൽ കെജ്‌രിവാളിനെ കടന്നാക്രമിച്ചു

ന്യൂ ഡൽഹി: ഇൻഡ്യ സഖ്യകക്ഷി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ വേതാവ് രാഹുൽ ഗാന്ധി. കെജ്‌രിവാൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുന്നുവെന്നും മോദിയെ പോലെ നിശ്ശബ്ദനാണെന്നും ആരോപിച്ചായിരുന്നു രാഹുൽ ആഞ്ഞടിച്ചത്. തിങ്കളാഴ്ച ഡൽഹിയിലെ സീലാംപുർ മേഖലയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ അസാധാരണമായ ആക്രമണം നടത്തിയത്.

'മോദിക്കും കെജ്‌രിവാളിനും പിന്നാക്കവിഭാഗത്തിന് അവരുടെ അവകാശങ്ങൾ ലഭിക്കേണ്ട എന്ന നിലപാടാണ്. ജാതി സെൻസസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഇരുവർക്കും മിണ്ടാട്ടമുണ്ടാകില്ല'; രാഹുൽ കുറ്റപ്പെടുത്തി. തുടർന്ന് കോൺഗ്രസ് ഡൽഹിയിൽ അധികാരത്തിലെത്തിയാൽ സംവരണ പരിധി വർധിപ്പിക്കുമെന്നും രാഹുൽ ഉറപ്പ് നൽകി.

അദാനി വിവാദങ്ങളിലും രാഹുൽ കെജ്‌രിവാളിനെ കടന്നാക്രമിച്ചു. അദാനിക്കെതിരെ യുഎസിൽ കേസെടുത്തപ്പോൾ കെജ്‌രിവാൾ ഒരക്ഷരം മിണ്ടിയില്ല എന്നും രാജ്യതലസ്ഥാനത്തെ പാരീസ് ആക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം അഴിമതിയും മലിനീകരണവും വിലക്കയറ്റത്തിന്റെയും ഇടമാക്കിയെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഇൻഡ്യ സഖ്യകക്ഷികളായ ആം ആദ്മിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു പാർട്ടികളും തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമാണ്. ഇതിനിടെ ഇൻഡ്യ മുന്നണിയിലെ മറ്റ് സഖ്യകക്ഷികൾ ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പോരാട്ടത്തിൽ കോൺഗ്രസ് പൂർണമായും ഒറ്റപ്പെട്ടിരുന്നു.

Also Read:

National
ഒരു കുട്ടിയില്‍ പ്രസവം നിര്‍ത്തരുത്, നാല് മക്കളുള്ള ബ്രാഹ്‌മണ ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം'

ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്. ആകെയുള്ള എഴുപത് സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. ജനുവരി 10ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. പത്രികകളുടെ സൂക്ഷപരിശോധന ജനുവരി 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. ഉത്തർപ്രദേശിലെ മിൽക്കിപ്പൂർ, തമിഴ്നാട്ടിലെ ഈറോഡ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 5ന് നടക്കും.

Content Highlights: Rahul against Kejriwal

To advertise here,contact us