സെയ്ഫിനേറ്റ ആറ് മുറിവുകളിൽ രണ്ടെണ്ണം ആഴമേറിയത്; ആശുപത്രിയിൽ എത്തിച്ചത് നട്ടെല്ലിൽ കത്തി ആഴ്ന്നിറങ്ങിയ നിലയിൽ

നട്ടെല്ലിനേറ്റ മുറിവിന് 2.5 ഇഞ്ച് ആഴമുണ്ടായിരുന്നുവെന്നും നിലവില്‍ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ഡോക്ടർമാർ

മുംബൈ: മോഷണശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ഏറ്റത് ആറ് മുറിവുകളെന്നും ഇതിൽ രണ്ടെണ്ണം ആഴമേറിയവയായിരുന്നുവെന്നും ഡോക്ടര്‍മാര്‍. നട്ടെല്ലില്‍ കത്തി തറച്ച നിലയിലാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കത്തി നീക്കം ചെയ്തു. നട്ടെല്ലിനേറ്റ മുറിവിന് 2.5 ഇഞ്ച് ആഴമുണ്ടായിരുന്നുവെന്നും നിലവില്‍ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും മുംബൈ ലീലാവതി ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. നീരജ് ഉത്തമണി പറഞ്ഞു.

ആറ് മുറിവുകളോടെയാണ് സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ രണ്ട് മുറിവുകള്‍ ആഴമേറിയവയായിരുന്നു. അതില്‍ പ്രധാനമായും എടുത്തുപറയേണ്ടത് നട്ടെല്ലിനേറ്റ മുറിവാണ്. തൊറാസിക് നട്ടെല്ലില്‍ കത്തി തറച്ച നിലയിലായിരുന്നു സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. നട്ടെല്ലിന്റെ പ്രധാന ഭാഗങ്ങളില്‍ ഒന്നായ തൊറാസിക് നട്ടേല്ലിനേറ്റ പരിക്ക് സ്ഥിതി സങ്കീര്‍ണമാക്കിയെന്ന് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. നിതിന്‍ ധാങ്കെ പറഞ്ഞു. കുത്തേറ്റ് സ്‌പൈനല്‍ ഫ്‌ളൂയിഡ് പൊട്ടിയൊഴുകുന്ന നിലയിലായിരുന്നു. നട്ടെല്ലിന് അടിയന്തര ശസ്ത്രക്രിയ നടത്തി സ്ഥിതി തൃപ്തികരമാക്കി. നട്ടെല്ലിനേറ്റ പരിക്കിന് പുറമേ സെയ്ഫിന്റെ ഇടത് കൈക്കും കഴുത്തിന്റെ വലത് ഭാഗത്തും സാരമായ മുറിവേറ്റിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നും ഡോ. നിതിന്‍ ധാങ്കെ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ അക്രമി എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരി ആദ്യം ഉണര്‍ന്നു. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ വീട്ടുജോലിക്കാരിയെ അക്രമി ആദ്യം കുത്തി. ഇവരുടെ നിലവിളി കേട്ട് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുകയും സംഘട്ടത്തിനിടെ അക്രമി സെയ്ഫിനെ കുത്തുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ പടികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സെയ്ഫിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. കുട്ടികളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. അതിനിടെ സെയ്ഫിനെ കുത്തിയ അക്രമിയുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. സെയ്ഫിനെ ആക്രമിച്ച ശേഷം വീടിന്റെ പടികള്‍ ഇറങ്ങി ഇയാള്‍ രക്ഷപ്പെടുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് ബാന്ദ്ര പൊലീസ് കേസ് അന്വേഷിക്കുന്നത്.

Content Highlights- Remove 2.5 inch knife piece from saif ali khans spine says doctors from lilavati hospital

To advertise here,contact us