'ആശുപത്രിയില്‍ എത്താന്‍ എത്ര സമയമെടുക്കും?'; ഓട്ടോയില്‍ കയറിയ സെയ്ഫ് അലി ഖാന്‍ ചോദിച്ചു

രക്തം പുരണ്ട് അദ്ദേഹത്തിന്റെ വെള്ള കുര്‍ത്ത ചുവന്ന നിറമായി മാറിയിരുന്നുവെന്നും ഭജന്‍ സിംഗ്

മുംബൈ: ഒരു സ്ത്രീയുടെ സഹായമഭ്യര്‍ത്ഥിച്ചുള്ള നിലവിളി കേട്ടാണ് സെയ്ഫ് അലി ഖാന്റെ വീടിന് മുന്നിലേക്ക് താന്‍ എത്തിയതെന്ന് താരത്തെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ഭജന്‍ സിംഗ് റാണ. കുത്തേറ്റ നിലയില്‍ കണ്ടത് സെയ്ഫ് അലി ഖാന്‍ ആണെന്ന് ആദ്യം മനസിലായില്ലെന്നും രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു അദ്ദേഹമെന്നും ഭജന്‍ സിംഗ് പറഞ്ഞു. ആശുപത്രിയില്‍ എത്താന്‍ എത്ര സമയം എടുക്കും എന്നായിരുന്നു ഓട്ടോയില്‍ കയറിയ ശേഷം സെയ്ഫ് ചോദിച്ചത്. രക്തം പുരണ്ട് അദ്ദേഹത്തിന്റെ വെള്ള കുര്‍ത്ത ചുവന്ന നിറമായി മാറിയിരുന്നുവെന്നും ഭജന്‍ സിംഗ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

Also Read:

National
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കസ്റ്റഡിയിലുള്ളയാൾ പ്രതിയല്ല; അക്രമിയുമായി രൂപസാദൃശ്യം മാത്രമെന്ന് പൊലീസ്

സെയ്ഫിന്റെ വീടിന്റെ ഗേറ്റിന്റെ ഭാഗത്ത് നിന്ന് സ്ത്രീയുടെ നിലവിളി കേട്ടാണ് താന്‍ അവിടേയ്ക്ക് എത്തുന്നതെന്ന് ഭജന്‍ സിംഗ് പറഞ്ഞു. സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അവര്‍ അലറിക്കരയുകയായിരുന്നു. വളരെ പെട്ടെന്നു തന്നെ താന്‍ അവിടേയ്ക്ക് എത്തി. ഈ സമയം സെയ്ഫ് ഓട്ടോയുടെ അടുത്തേയ്ക്ക് നടന്നെത്തി. ആദ്യം തനിക്ക് അദ്ദേഹത്തെ മനസിലായില്ല. അദ്ദേഹത്തിനൊപ്പം ഒരു കൊച്ചു കുട്ടിയും മറ്റൊരാളും ഉണ്ടായിരുന്നു. ഓട്ടോയില്‍ കയറി ഇരുന്നതിന് പിന്നാലെ ആശുപത്രിയില്‍ എത്താന്‍ എത്ര സമയം എടുക്കുമെന്നായിരുന്നു സെയ്ഫ് ചോദിച്ചത്. എട്ടോ പത്തോ മിനിറ്റിനുള്ളില്‍ സെയ്ഫിനെ താന്‍ ആശുപത്രിയില്‍ എത്തിച്ചെന്നും ഭജന്‍ സിംഗ് പറഞ്ഞു. സെയ്ഫിന്റെ കഴുത്തില്‍ നിന്നും പിന്‍ ഭാഗത്ത് നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. താരത്തെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു തനിക്ക്. അവര്‍ പണം നല്‍കിയിട്ട് താന്‍ വാങ്ങിയില്ലെന്നും ഭജന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ ആക്രമണം നടന്നത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ വീട്ടുജോലിക്കാരിയെ അക്രമി ആദ്യം കുത്തി. ഇവരുടെ നിലവിളി കേട്ട് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുകയും സംഘട്ടത്തിനിടെ അക്രമി സെയ്ഫിനെ കുത്തുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ ഫയര്‍ എസ്‌കേപ്പ് പടികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

സെയ്ഫിന് ആറ് തവണ കുത്തേറ്റതായി അദ്ദേഹത്തെ പ്രവേശിപ്പിച്ച മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതില്‍ രണ്ടെണ്ണം ആഴമുള്ളതായിരുന്നു. നട്ടെല്ലില്‍ കത്തി തറച്ച നിലയിലായിരുന്നു സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സെയ്ഫിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘം ഇന്നലെ വ്യക്തമാക്കിയത്. കുട്ടികളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് ബാന്ദ്ര പൊലീസ് കേസ് അന്വേഷിക്കുന്നത്.

Content Highlights- Auto driver recounts driving saif ali khan to hospital

To advertise here,contact us