'സെയ്ഫ്'അലി ഖാന്‍ ആശുപത്രി വിട്ടു; ഇനി വീട്ടില്‍ പൂര്‍ണ വിശ്രമം

ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്.

മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലായ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. അമ്മയും നടിയുമായ ഷര്‍മിള ടാഗോറിനൊപ്പമാണ് സെയ്ഫ് അലി ഖാന്‍ വീട്ടിലേക്ക് മടങ്ങുന്നത്.

അണുബാധയേല്‍ക്കുന്നതിനാല്‍ സന്ദര്‍കരെ അനുവദിക്കരുതെന്ന് സെയ്ഫിന് നിര്‍ദേശമുണ്ട്. ഒരാഴ്ച പൂര്‍ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന് വേണ്ടി ആശുപത്രിയിലും വസതിയിലും വലിയ രീതിയിലുള്ള സുരക്ഷയാണ് ഒരുക്കിയത്.

രാജ്യത്തെ തന്നെ നടുക്കിയ ആക്രമണമായിരുന്നു സെയ്ഫിന് നേരെയുണ്ടായത്. വീട്ടില്‍ കയറിയ മോഷ്ടാവ് ആറ് തവണ സെയ്ഫിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സെയ്ഫിന്റെ നട്ടെല്ലില്ലായിരുന്നു ഒരു മുറിവുണ്ടായത്. നടന്റെ സ്‌പൈനല്‍ കോര്‍ഡില്‍ നിന്നും 2 മില്ലിമീറ്റര്‍ നീളത്തില്‍ കത്തിയുടെ ഭാഗം ലഭിച്ചിരുന്നു.

Also Read:

National
ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; നക്സലിസത്തിന് തിരിച്ചടിയെന്ന് അമിത് ഷാ

സംഭവത്തില്‍ പ്രതിയെ മുംബൈ പൊലീസ് പിടികൂടിയിട്ടുണ്ട്. മുഹമ്മദ് ഷെരീഫുള്‍ ഇസ്‌ലാമെന്ന ബംഗ്ലാദേശ് സ്വദേശിയായ ഇയാള്‍ വിജയ് ദാസ് എന്ന പേരിലാണ് ഇന്ത്യയിലേക്ക് കടന്നത്. ഇയാള്‍ നടന്റെ ഇളയ മകന്‍ ജേഹിനെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണോയെന്ന സംശയമാണ് പൊലീസിനുള്ളത്. മകനെ ബന്ദിയാക്കി വന്‍ തുക ആവശ്യപ്പെട്ട ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നു പ്രതിയുടെ പദ്ധതി.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാവ് എത്തിയത്. സെയ്ഫിന്റെ മകന്‍ ജേഹിന്റെ മുറിയില്‍ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ കുട്ടിയെ ആക്രമിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള നടന്‍ അപകട നില തരണം ചെയ്തു. 5 മണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് സെയ്ഫ് അലി ഖാനെ വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തു. ആറ് തവണയാണ് നടന് കുത്തേറ്റത്.

Content Highlights: Saif Ali Khan discharged from hospital

To advertise here,contact us