അനധികൃത മത്സ്യബന്ധനമെന്ന് ആരോപണം; 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവിക സേന

ജനുവരി 12ന് എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും രണ്ട് ബോട്ടുകള്‍ പിടിച്ചുവെക്കുകയും ചെയ്തിരുന്നു

ന്യൂഡല്‍ഹി: 34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവിക സേന. കഴിഞ്ഞ ദിവസം രാത്രി രാമേശ്വരത്ത് മീന്‍പിടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. മൂന്ന് ട്രോളറുകളും പിടിച്ചെടുത്തു. ഇന്നും ഇന്നലെയുമായാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

അനധികൃത മീന്‍പിടിത്തം തടയുന്നതിനായുള്ള നാവിക സേനയുടെ സ്ഥിരം പട്രോളിങ്ങിനിടയില്‍ വടക്കുകിഴക്കന്‍ മാന്നാര്‍ ജില്ലയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തുടര്‍നടപടികള്‍ക്കായി അധികാരികള്‍ക്ക് കൈമാറിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി രേഖ ലംഘിച്ചതിന് (ഐഎംബിഎല്‍) സച്ചിന്‍, ഡെനിയില്‍, റുബില്‍ഡന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ട് പിടിച്ചെടുത്തതായാണ് രാമനാഥപുരം മത്സ്യവകുപ്പ് പറയുന്നത് .

Also Read:

National
'അന്തരീക്ഷ മലിനീകരണത്തിൽ സുപ്രീംകോടതി വരെ വിമർശിച്ചു'; ആം ആദ്മി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് അമിത് ഷാ

ശ്രീലങ്കൻ നാവികസേനയുടെ തുടർച്ചയായുള്ള അറസ്റ്റ് നടപടിയെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ അപലപിച്ചു. ശക്തമായ പിഴ ചുമത്താതെ മത്സ്യത്തൊഴിലാളികളെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് സംഘടനകൾ ആവശ്യപ്പെടുകയും ചെയ്തു. പിടിച്ചെടുത്ത ബോട്ടുകൾ ഉടൻ വിട്ടയക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

ജനുവരി 12ന് ശ്രീലങ്കൻ നാവികസേന എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും രണ്ട് ബോട്ടുകള്‍ പിടിച്ചുവെക്കുകയും ചെയ്തിരുന്നു. നേരത്തെ മത്സ്യബന്ധനത്തിനിടയില്‍ അറസ്റ്റ് ചെയ്ത 41 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഈ ആഴ്ച വിട്ടയച്ചതായി ഇന്ത്യന്‍ ഹൈകമ്മീഷന്‍ അറിയിച്ചു.

Content Highlights: 34 Indian fishermans arrested by Sri Lankan Navy

To advertise here,contact us