സെയ്ഫ് അലി ഖാനെ കുത്തിയ കേസ്; അന്വേഷണം യുവതിയിലേക്കും; ചോദ്യം ചെയ്ത് പൊലീസ്

ഇന്ത്യയിൽ താമസിച്ച സമയത്ത് യുവതി നൽകിയ സിം കാർഡാണ് പ്രതി ഉപയോ​ഗിച്ചത്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പശ്ചിമ ബം​ഗാൾ സ്വദേശിനിയായ സ്ത്രീയെ ചോദ്യം ചെയ്ത് മുംബൈ പൊലീസ്. ഖുകുമോനി ഷെയ്ഖ് എന്ന സ്ത്രീയെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന പ്രതി ശരീഫുള്‍ ഇസ്‌ലാമിന് സിം കാർഡ് നൽകിയത് ഖുകുമോനി ഷെയ്ഖാണെന്ന് പൊലീസ് പറഞ്ഞു.

നാദിയ ജില്ലയിലെ ചാപ്ര സ്വദേശിനിയാണ് ഖുകുമോനി ഷെയ്ഖ്. യുവതിക്ക് ശരീഫുളിനെ അറിയാമെന്നും പൊലീസ് പറഞ്ഞു. മേഘാലയ വഴിയാണ് പ്രതി ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മേഘാലയയിലെ ഇന്ത്യ-ബം​ഗ്ലാദേശ് അതിർ‌ത്തിയിലുളള ദൗകി പുഴ കടന്നാണ് ഇയാൾ ഇന്ത്യയിലേക്ക് പ്രവേശിച്ചത്. പശ്ചിമ ബം​ഗാളിൽ ഏതാനും ദിവസങ്ങൾ മാത്രം താമസിച്ച ഇയാൾ പിന്നീട് ജോലി തിരഞ്ഞ് മുംബൈയിൽ എത്തുകയായിരുന്നു. മുംബൈയിലേക്ക് പോകുന്നതിന് മുമ്പ് ഒരു പ്രദേശവാസിയുടെ ആധാർ കാർഡ് ഉപയോ​ഗിച്ച് പ്രതി സിം കാർഡ് എടുക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

അതേസമയം സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ സംശയങ്ങളും ദുരൂഹതകളും ഉയർന്നിട്ടുണ്ട്. ശരീഫുള്‍ ഇസ്‌ലാം കുറ്റസമ്മതം നടത്തുകയും തെളിവെടുപ്പിൽ രം​ഗങ്ങൾ പുനരാവിഷ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാള്‍ക്ക് തനിയെ ഇത് ചെയ്യാനാകില്ലെന്നും ഒന്നിലധികംപേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പൊലീസിന് സംശയമുണ്ട്. കൂടാതെ നടന്റെ വീട്ടില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ പൊലീസ് ഇപ്പോള്‍ പിടികൂടിയ ആളുടേതല്ലെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർ‌ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 19 വിരലടയാളങ്ങളാണ് പൊലീസിന് ആക്രമണം നടന്ന സെയ്ഫിന്റെ വീട്ടില്‍ നിന്ന് ലഭിച്ചത്. ഇവയിലൊന്നു പോലും പ്രതിയുടേതല്ലെന്ന വിവരം ഞെട്ടലോടെയാണ് മുംബൈ പൊലീസ് സ്ഥിരീകരിച്ചത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്.

Also Read:

National
ജോലി നഷ്‌ടമായി, വിവാഹം മുടങ്ങി; സെയ്ഫ് അലി ഖാൻ കേസിൽ കസ്റ്റഡിയിലെടുത്തതോടെ ജീവിതം തകർ​ന്നെന്ന് യുവാവ്

ഇക്കഴിഞ്ഞ ജനുവരി 16നാണ് സെയ്ഫ് അലി ഖാന് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ വെച്ച് കുത്തേറ്റത്. പുലര്‍ച്ചെ നടന്റെ ബാന്ദ്രയിലെ വീട്ടിലെത്തിയ പ്രതി അദ്ദേഹത്തെ ആറ് തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉ‌ടൻ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlights: Saif Ali Khan Attacking Case Police Questioned a West Bengal Women

To advertise here,contact us