ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്ന് മുതൽ; നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

പുതിയ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർവഹിക്കും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്ന് മുതൽ നിലവിൽ വരും. ഇതോടെ സ്വതന്ത്ര ഇന്ത്യയിൽ യുസിസി നിലവിൽ വരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

യുസിസി മുന്നോട്ടുവെക്കുന്ന വ്യവസ്ഥകളിൽ രജിസ്ട്രേഷനായുള്ള പുതിയ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർവഹിക്കും. നേരത്തെ തന്നെ ജനുവരി മുതൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിൽ വരുമെന്ന് ധാമി ഉറപ്പ് നൽകിയിരുന്നു. 2024 ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡ് നിയമസഭ ഏക സിവിൽ കോഡ് ബിൽ പാസാക്കിയത്. തുടർന്ന് മാർച്ച് 12ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ബിൽ നിർദേശങ്ങൾ തയ്യാറാക്കിയത്.

Also Read:

National
VIDEO | 'റിയൽ ഹീറോ'; കളിക്കുന്നതിനിടയിൽ 13-ാം നിലയിൽ നിന്ന് കുഞ്ഞ് താഴേയ്ക്ക്; യുവാവിന്റെ ഇടപെടലിൽ രക്ഷപ്പെടൽ

ഏക സിവിൽ കോഡ് നിലവിൽ വരുന്നതോടെ ഉത്തരാഖണ്ഡിൽ എല്ലാ മതവിശ്വാസികളുടെയും വിവാഹപ്രായം ഏകീകരിക്കപ്പെടും. നിലവിലെ വ്യവസ്ഥകളോട് ചേർന്ന്, എല്ലാ മതവിശ്വാസങ്ങളിലുംപെട്ട പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസും ആൺകുട്ടികളുടെ വിവാഹപ്രായം 21 ഉം തന്നെ ആയിരിക്കും. വിവാഹത്തിന് കൃത്യമായ രജിസ്ട്രേഷൻ, വിവാഹമോചനത്തിന് ഭാര്യക്കും ഭർത്താവിനും തുല്യ കാരണങ്ങൾ, ഭർത്താവിന് ബാധകമായ അതേ വിവാഹമോചന കാരണങ്ങൾ ഭാര്യയ്ക്കും ബാധകമായിരിക്കും, ഒരു ഭാര്യ ജീവിച്ചിരിക്കുന്നിടത്തോളം രണ്ടാം വിവാഹം സാധ്യമല്ല, അതായത് ബഹുഭാര്യത്വത്തിന് നിരോധനം തുടങ്ങിയവയാണ് മറ്റ് നിയമങ്ങൾ. അനന്തരാവകാശത്തിൽ ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾക്കും തുല്യാവകാശം, ലിവ്-ഇൻ ബന്ധത്തിന് അനുമതി വേണം തുടങ്ങിയവയാണ് മറ്റ് ചില നിയമങ്ങൾ. പട്ടികവർഗ വിഭാഗത്തെ ഏക സിവിൽ കോഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Content Highlights: UCC at uttarakhand from today

To advertise here,contact us