സാംസങ്ങിൻ്റെ 'നോ-യൂണിയൻ നയം' മുട്ടുമടക്കി; സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയന് അം​ഗീകാരം

38 ദിവസത്തോളം നീണ്ട പ്രതിഷേധത്തിനും 212 ദിവസത്തെ നിയമപോരാട്ടത്തിനും ശേഷമാണ് സിഐടിയു പിന്തുണയുള്ള സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയന് തമിഴ്‌നാട് തൊഴിൽ വകുപ്പ് കഴിഞ്ഞ ദിവസം രജിസ്ട്രേഷൻ നൽകിയത്

ചെന്നൈ: സാംസങ്ങിൻ്റെ നി‍ർമ്മാണശാലയിൽ സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയന് അം​ഗീകാരം. 38 ദിവസത്തോളം നീണ്ട പ്രതിഷേധത്തിനും 212 ദിവസത്തെ നിയമപോരാട്ടത്തിനും ശേഷമാണ് സിഐടിയു പിന്തുണയുള്ള സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയന് തമിഴ്‌നാട് തൊഴിൽ വകുപ്പ് കഴിഞ്ഞ ദിവസം രജിസ്ട്രേഷൻ നൽകിയത്.

1926ലെ ട്രേഡ് യൂണിയൻ ആക്‌ട് പ്രകാരമാണ് സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സുങ്കുവർചത്രത്തിലെ സാംസങ് ഇന്ത്യ ഇലക്‌ട്രോണിക്‌സ് നി‍ർമ്മാണശാലയിലെ ആയിരത്തിലധികം വരുന്ന തൊഴിലാളികൾ യൂണിയൻ്റെ രജിസ്ട്രേഷൻ ആവശ്യപ്പെട്ട് നടത്തിയ സമരം ദേശീയ ശ്രദ്ധ ആ‍കർഷിച്ചിരുന്നു. 106 വർഷം മുമ്പ്, 1918-ൽ മദ്രാസ് ലേബർ യൂണിയൻ രാജ്യത്തെ ആദ്യത്തെ തൊഴിലാളി യൂണിയനായി. ഇന്ന് നഗരം വീണ്ടും ചരിത്രം സൃഷ്ടിച്ചുവെന്നായിരുന്നു സിഐടിയു നേതാവും സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റുമായ ഇ മുത്തുകുമാറിൻ്റെ പ്രതികരണം. ഇന്ത്യയിൽ സാംസങ് തൊഴിലാളികളുടെ ആദ്യത്തെ യൂണിയനാണ് എസ്ഐഡബ്ല്യു. ദക്ഷിണ കൊറിയയിലെ നാഷണൽ സാംസങ് ഇലക്ട്രോണിക്സ് യൂണിയന് (NSEU) ശേഷം സാംസങ് തൊഴിലാളികളുടെ ലോകത്തിലെ രണ്ടാമത്തെ രജിസ്ട്രേഡ് തൊഴിലാളി സംഘടന കൂടിയാണ് എസ്ഐഡബ്ല്യു എന്നും മുത്തുകുമാർ കൂട്ടിച്ചേർത്തു.

Also Read:

Kerala
ഡിസോൺ കലോത്സവത്തിലെ സംഘർഷം; കെഎസ്‌യു തൃശ്ശൂർ ജില്ലാ പ്രസി‍ഡൻ്റിനെതിരെ വധശ്രമത്തിന് കേസ്

സാംസങ്ങിൻ്റെ ദീർഘകാല "നോ-യൂണിയൻ" നയം കണക്കിലെടുക്കുമ്പോൾ സാംസങ്ങിൽ ഒരു യൂണിയൻ രൂപീകരിക്കുന്നത് അസാധാരണമാണെന്നാണ് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ എന്നിവ നിർമ്മിക്കുന്ന കാഞ്ചീപുരത്തെ പ്ലാൻ്റ് സാംസങ് ഇലക്‌ട്രോണിക്‌സിൻ്റെ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിൻ്റെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്നു.

നേരത്തെ ദക്ഷിണ കൊറിയയിലെ എൻഎസ്ഇയു ഇന്ത്യയിലെ എസ്ഐഡബ്യുയുവിനെ പിന്തുണച്ചിരുന്നു. എസ്ഐഡബ്യുയു അതിൻ്റെ ആദ്യ പൊതുയോഗം 2024 ജൂലൈ 8-ന് എൻഎസ്ഇയുവിൻ്റെ ആദ്യ പൊതു പണിമുടക്കിനോട് അനുബന്ധിച്ച് നടത്തിയിരുന്നു. 2024സെപ്തംബർ 14-ന് ഇറക്കിയ ഐക്യദാർഢ്യ കുറിപ്പിൽ സിഐടിയു, എസ്ഐഡബ്ല്യു യൂണിയനുകൾ ഇന്ത്യൻ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ന്യായമായ പോരാട്ടത്തിന് നേതൃത്വം നൽകുന്നുവെന്ന് എൻഎസ്ഇയു ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlights: Samsung India workers win historic union registration after legal battle

To advertise here,contact us