ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ തമിഴ്നാടിന്; ഉത്തരവിട്ട് കോടതി

തൊണ്ടിമുതലിൽ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും അവകാശ വാദം ഉന്നയിച്ചിരുന്നു

ചെ​ന്നൈ: ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ തമിഴ്നാടിന് കൊണ്ടുപോകാമെന്ന് കോടതി. ബെംഗളൂരുവിലെ സിബിഐ കോടതിയുടേതാണ് ഉത്തരവ്. തൊണ്ടിമുതലിൽ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും അവകാശ വാദം ഉന്നയിച്ചിരുന്നു.

ഈ ഹർജി തള്ളിയതോടെയാണ് സ്വത്തുക്കൾ തമിഴ്നാടിന് കൈമാറുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ പിടിച്ചെടുത്തവയാണ് തൊണ്ടിമുതൽ. പോയസ് ഗാർഡനിലെ വീട്ടിൽ നിന്ന് 1996ൽ ആയിരുന്നു ഇവ പിടിച്ചെടുത്തത്.

800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, പട്ടു സാരികൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എ സി , 91 വാച്ചുകൾ തുടങ്ങിയവയാണ് ജയലളിതയിൽ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്തത്. 2004ലാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് കേസ് രജിസ്റ്റർ ചെയ്തത്.

Also Read:

National
രാത്രി കല്ലറകൾ പൊളിച്ച് തലയോട്ടി മോഷണം; പിന്നിൽ ദുര്‍മന്ത്രവാദ സംഘമെന്ന് പൊലീസ്; ബിഹാറിൽ രണ്ട് പേർ പിടിയിൽ

അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ കർണാടക ഹൈക്കോടതി 2015ൽ കുറ്റവിമുക്തയാക്കിയിരുന്നു. 100 കോടി രൂപ പിഴയും നാല് വർഷം തടവും വിധിച്ച് ബാംഗ്ലൂർ പ്രത്യേക കോടതി 2014 സെപ്റ്റംബർ 27-ന് പുറപ്പെടുവിച്ച ഉത്തരവായിരുന്നു കർണാടക ഹൈക്കോടതി റദ്ദാക്കിയത്.

1996ലായിരുന്നു ജയലളിതയ്‌ക്കെതിരെ അഴിമതിയും ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനവും ആരോപിച്ച് സുബ്രഹ്മണ്യൻ സ്വാമി പരാതി നൽകുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിന് പിന്നാലെ അന്നത്തെ ഡിഎംകെ സർക്കാ‍ർ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ജയലളിതയ്‌ക്കെതിരെയുള്ള ആരോപണം. അതേവർഷം, തന്നെ ചെന്നൈ കോടതി ശശികല, വളർത്തുമകൻ സുധാകരൻ, മറ്റൊരു സഹായി ഇളവരശി എന്നിവരെയും കേസിൽ ഉൾപ്പെടുത്തി. 2002-ൽ ജയലളിത വീണ്ടും അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ ന്യായമായ വിചാരണ നടക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് ഡിഎംകെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന അഭ്യർത്ഥിച്ചു. ഈ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി വിചാരണ ബെംഗളുരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: CBI court orders transfer of Jayalalithaa’s confiscated assets to Tamil Nadu govt

To advertise here,contact us