ജിതേന്ദ്ര ചൗധരി തന്നെ ത്രിപുരയിലെ സിപിഐഎമ്മിനെ നയിക്കും

സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബഹുജന റാലിയെ മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടും മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും അഭിസംബോധന ചെയ്തു.

അഗര്‍ത്തല: സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയായി ജിതേന്ദ്ര ചൗധരി തുടരും. അഗര്‍ത്തലയില്‍ നടന്ന 24ാമത് സംസ്ഥാന സമ്മേളനത്തിലാണ് ജിതേന്ദ്ര ചൗധരിയെ തന്നെ വീണ്ടും തിരഞ്ഞെടുത്തത്. ആറ് വനിതകളെ ഉള്‍പ്പെടുത്തി 60 അംഗ പുതിയ സംസ്ഥാന കമ്മിറ്റിയെയും 14 അംഗ സെക്രട്ടറിയറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് കൂടിയാണ് ജിതേന്ദ്ര ചൗധരി.

66കാരനായ ജിതേന്ദ്ര ചൗധരി കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ ലോക്‌സഭാംഗവുമാണ്. ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ചിന്റെ ദേശീയാദ്ധ്യക്ഷന്‍ കൂടിയാണ് ജിതേന്ദ്ര ചൗധരി.

ത്രിപുരയിലെ ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നത് തുടരും. തന്നില്‍ വിശ്വാസം പുനഃസ്ഥാപിച്ചതിന് പാര്‍ട്ടിയോട് താന്‍ നന്ദിയുള്ളവനാണ്. ഇത് തനിക്ക് അധിക ഉത്തരവാദിത്തമാണ്. ജനാധിപത്യവും ഭരണഘടനയും പുനഃസ്ഥാപിക്കുന്നതില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ജനങ്ങളെ സേവിക്കുകയും ചെയ്യുകയാണ് തന്റെ മുന്‍ഗണനയെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് ജിതേന്ദ്ര ചൗധരി പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബഹുജന റാലിയെ മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടും മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും അഭിസംബോധന ചെയ്തു. സംസ്ഥാനത്ത് പാര്‍ട്ടിക്ക് 4000 ബ്രാഞ്ച് കമ്മിറ്റികളും 300ലധികം ലോക്കല്‍ കമ്മിറ്റികളും 24 ഡിവിഷണല്‍ കമ്മിറ്റികളും എട്ട് ജില്ലാ കമ്മിറ്റികളുമാണുള്ളത്.

Content Highlights: Jitendra Chaudhary himself will lead the CPI(M) in Tripura

To advertise here,contact us