ഡൽഹി ആർക്കൊപ്പം? മൂന്നാമൂഴത്തിന് കെജ്‌രിവാള്‍, എക്സിറ്റ് പോൾ ആത്മവിശ്വാസത്തിൽ ബിജെപി, തിരിച്ചുവരാൻ കോൺഗ്രസ്

70 സീറ്റുകളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 5000 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിന്യസിച്ചിട്ടുള്ളത്. 70 സീറ്റുകളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. മൂന്നാമതും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് എഎപി. എന്നാൽ എക്സിറ്റ് പോളുകൾ അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോളുകൾ തള്ളുന്ന ആം ആദ്മി പാർട്ടി ഭരണത്തിൽ തുടരുമെന്ന് അവകാശപ്പെടുന്നു. അതേസമയം ആം ആദ്മി പാർട്ടിയുടെ ഓപ്പറേഷൻ താമര ആരോപണത്തിൽ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ഇൻഡ്യ മുന്നണിയുടെ കെട്ടുറിപ്പിനെ കൂടി ഡൽഹി തിരഞ്ഞെടുപ്പ് ബാധിച്ചിരുന്നു. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഉൾപ്പെടെ ആം ആദ്മി പാർട്ടിക്കും കോൺ​ഗ്രസിനും എതിരെ രൂക്ഷവിമർശനുമായി രം​ഗത്ത് വന്നിരുന്നു. ഇൻഡ്യ മുന്നണിയുടെ ഭാ​ഗമായ തൃണമൂൽ കോൺ​ഗ്രസും സമജ്‌വാദി പാർട്ടിയും ഡൽഹിയിൽ ആം ആദ്മി പാർട്ടിയെയാണ് പിന്തുണച്ചത്.

Also Read:

Kerala
ജ്വല്ലറിയിൽ മോഷ്ടിച്ച സ്വർണം വിറ്റു;മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ജ്വല്ലറി ഉടമ വിഷം കഴിച്ച് മരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ആംആദ്മിക്ക് മുൻതൂക്കം പ്രവചിച്ചത് മൂന്നെണ്ണം മാത്രമായിരുന്നു. വീ പ്രിസൈഡ്, മൈൻഡ് ബ്രിങ്ക്, ജേണോ മിറർ എന്നിവർ മാത്രമാണ് ആം ആദ്മിക്ക് മുൻതൂക്കം പ്രവചിച്ചത്. ബാക്കി പ്രധാനപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങളെല്ലാ ബിജെപിക്ക് അനുകൂലമായിരുന്നു.

ചാണക്യയുടെ എക്‌സിറ്റ് പോളിൽ ബിജെപിക്ക് 39 മുതൽ 44 വരെ സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പ്രവചനം. ആംആദ്മിക്ക് 25 മുതൽ 28 വരെയും കോൺഗ്രസിന് 2 മുതൽ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും ചാണക്യ പ്രവചിച്ചിരുന്നു. മാട്രിസെയുടെ പ്രവചനത്തിലും ബിജെപിക്കാണ് മുൻതൂക്കം. ബിജെപി 35 മുതൽ 40 വരെ സീറ്റ് ലഭിക്കുമെന്നായിരുന്നു മാട്രിസെയുടെ പ്രവചനം. ആംആദ്മി 32 മുതൽ 37 സീറ്റുവരെ നേടുമെന്നും മാട്രിസെ പ്രവചിച്ചിരുന്നു. കോൺഗ്രസിന് ഒരു സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രവചനം. പി മാർക് സർവെ ബിജെപിക്ക് 40 സീറ്റും ആംആദ്മിക്ക് 30 സീറ്റുമാണ് പ്രവചിച്ചത്.

വിവിധ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ

പി മാർക്യു

  • ബിജെപി: 39-49
  • ആംആദ്മി: 21-31
  • കോൺഗ്രസ്: 0-1

ജെവിസി

  • ബിജെപി: 39-45
  • ആംആദ്മി: 22-31
  • കോൺഗ്രസ്: 2

ടൈംസ് നൗ

  • ബിജെപി: 37-43
  • ആംആദ്മി: 27-34
  • കോൺഗ്രസ്: 0-2
  • മറ്റുള്ളവർ: 0-1

ടുഡേയ്‌സ് ചാണക്യ

  • ബിജെപി: 39-44
  • ആംആദ്മി: 25-28
  • കോൺഗ്രസ്: 2-3
  • മറ്റുള്ളവർ: 0

പോൾ ഡയറി

  • ബിജെപി: 42-50
  • ആംആദ്മി: 18-25
  • കോൺഗ്രസ്: 2
  • മറ്റുള്ളവർ: 1

മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടയുള്ള പ്രധാന നേതാക്കൾ ഡൽഹിയിൽ ജനവിധി തേടുന്നുണ്ട്. ന്യൂഡൽഹി സീറ്റിൽ നിന്നാണ് അരവിന്ദ് കെജ്‌രിവാൾ വീണ്ടും മത്സരിക്കുന്നത്. ബിജെപിയുടെ പർവേഷ് വർമ്മയും കോൺഗ്രസിൻ്റെ സന്ദീപ് ദീക്ഷിതുമാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രധാന എതിരാളികൾ. ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷിക്കെതിരെ കോൺഗ്രസ് നേതാവ് അൽക്ക ലാംബയും ബിജെപിയുടെ രമേഷ് ബിധുരിയുമാണ് മത്സരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ മനീഷ് സിസോദിയ മത്സരിക്കുന്ന ജംഗ്പുര സീറ്റിൽ ബിജെപിയുടെ തർവീന്ദർ സിംഗ് മർവ, കോൺഗ്രസിൻ്റെ ഫർഹാദ് സൂരി എന്നിവരാണ് പ്രധാന എതിരാളികൾ. മുതിർന്ന എഎപി നേതാവ് സത്യേന്ദർ ജെയിൻ ഷക്കൂർ ബസ്തിയിൽ ബിജെപിയുടെ കർണയിൽ സിങ്ങിനെതിരെയാണ് മത്സരിക്കുന്നത്.

Also Read:

Kerala
സിബിഐ അന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷണമാക്കി മാറ്റി; നവീൻ ബാബുവിന്റെ മരണത്തിൽ അഭിഭാഷകനെ മാറ്റി മഞ്ജുഷ

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രധാന എതിരാളികളായ ബിജെപിയെയും കോൺ​ഗ്രസിനെയും നിഷ്പ്രഭരാക്കിയായിരുന്നു ആം ആദ്മി അധികാരത്തിലെത്തിയത്. ഇത്തവണയും 55 സീറ്റുകളിൽ വിജയിച്ച് അധികാരത്തിലെത്തുമെന്നാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിൻ്റെ അവകാശവാദം. ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. കേന്ദ്ര ബഡ്ജറ്റിൽ മധ്യവർഗ്ഗക്കാർക്ക് നൽകിയ പരി​ഗണന ഡൽഹിയിൽ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ . കഴിഞ്ഞ 27 വർഷമായി ഡൽ​ഹിയിൽ അധികാരത്തിന് പുറത്താണ് ബിജെപി. അതിനാൽ തന്നെ ഭരണം പിടിക്കാൻ അരയും തലയും മുറുക്കിയാണ് ബിജെപി നേതൃത്വം രം​ഗത്തെത്തിയത്. ആം ആദ്മി പാർട്ടിയെയും ബിജെപിയെയും വെല്ലുവിളിച്ച് കരുത്ത് കാണിക്കാം എന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്. കഴിഞ്ഞ പത്ത് വർഷമായി ഡൽഹി നിയമസഭയിൽ പ്രാതിനിധ്യം കിട്ടാത്ത കോൺ​ഗ്രസിനെ സംബന്ധിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്.

Content Highlights: Delhi Assembly Election Result 2025 today

To advertise here,contact us