മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു

നാളെ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയാണ് രാജി

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയാണ് രാജി. രാജി കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് രാജി. രാജിക്കത്ത് ഗവർണർ അജയ് ഭല്ലയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം.

കഴിഞ്ഞ ദിവസം ബിജെപി മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബിരേൻ സിങ് ഡൽഹിയിലെത്തിയിരുന്നു. നാളെ തുടങ്ങാനിരിക്കുന്ന നിയമസഭ സമ്മേളനത്തില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതാക്കളുമായി ബിരേൻ സിങ് കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങിയത്.

നേരത്തേ കോൺ​റാഡ്സിങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണപിൻവലിച്ചിരുന്നു. കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂർവസ്ഥിതിയിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Also Read:

International
ഗാസയിൽ നിന്നും​ സൈന്യത്തെ പിൻവലിച്ച് ഇസ്രയേൽ; ജന്മനാട്ടിലേക്ക് മടങ്ങി പലസ്തീനിയൻ ജനത

എന്നാൽ, എൻപിപിയുടെ പിന്തുണ പിൻവലിച്ചത് സർക്കാരിനെ ബാധിക്കുമായിരുന്നില്ല. ഏഴ് എംഎൽമാരാണ് എൻപിപിക്കുള്ളത്. 37 ബിജെപി എംഎൽഎമാരുടെ പിന്തുണയും നാഗാ പീപ്പിൾസ് ഫ്രണ്ടിൻ്റെ (എൻപിഎഫ്) അഞ്ച് എംഎൽഎമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബിരേൻ സിങ് സർക്കാരിനുണ്ടായിരുന്നു. എന്നാൽ 12 ഓളം എം.എൽ.എമാർ നേതൃമാറ്റത്തിനായി മുന്നോട്ടുവന്നത് സർക്കാരിനെ സംബന്ധിച്ച് നിർണായകമായിരുന്നു. സ്പീക്കറും മുഖ്യമന്ത്രിയും തമ്മിൽ ഭിന്നതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിശ്വാസവോട്ടെടുപ്പിൻ്റെ സാഹചര്യത്തിൽ ഈ എംഎൽഎമാർ പാർട്ടിക്കെതിരായ നിലപാട് സ്വീകരിച്ചാൽ സർക്കാർ പ്രതിസന്ധിയിലാകുമായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തില്‍ പാര്‍ട്ടി തിളങ്ങി നില്‍ക്കവേ മണിപ്പൂരില്‍ അവിശ്വാസ പ്രമേയം പാസായാല്‍ അത് തിരിച്ചടിയാവുമെന്ന് കണ്ടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പൊടുന്നനേയുള്ള തീരുമാനം.

Content Highlight: Manipur CM N Biren Singh resigns

To advertise here,contact us