'ബിരേൻ സിങ് മണിപ്പൂരിൽ ഭിന്നിപ്പുണ്ടാക്കി, സമാധാനം പുനസ്ഥാപിക്കുന്നതിനാണ് മുൻഗണന'; രാഹുൽ ​ഗാന്ധി

കലാപം ആരംഭിച്ച അന്ന് മുതൽ കോൺഗ്രസ് ബിരേൻ സിങിന്റെ രാജി ആവശ്യപ്പെട്ടിരുന്നു

ന്യൂഡൽഹി: രാജിവെച്ച മണിപ്പൂർ‌ മുഖ്യമന്ത്രി എൻ ബിരേൻ സിങിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രണ്ട് വർഷത്തോളം ബിരേൻ സിങ് മണിപ്പൂരിൽ ഭിന്നിപ്പുണ്ടാക്കി. അടങ്ങാത്ത കലാപത്തിലെ സുപ്രീം കോടതി അന്വേഷണം, വർധിച്ചുവരുന്ന സമ്മർദ്ദം, കോൺഗ്രസിൻ്റെ അവിശ്വാസ പ്രമേയമെല്ലാം ബിരേൻ സിങിനെ രാജി വെപ്പിക്കാൻ നിർബന്ധിതനാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കണം. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനാണ് മുൻഗണന എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിരേൻ സിങ്ങിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഈ സാഹചര്യം മനസിലാക്കിയാണ് ബിരേൻ സിങ് രാജിവെച്ചത്. കലാപം ആരംഭിച്ച അന്ന് മുതൽ കോൺഗ്രസ് ബിരേൻ സിങിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി മണിപ്പൂർ ജനത ഇപ്പോഴും കാത്തിരിക്കുന്നു എന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

Also Read:

National
ആട്ടിറച്ചി നൽകിയില്ല; ശ്മശാനത്തിൽ കുഴിച്ചിട്ട മനുഷ്യശരീരം ഇറച്ചിക്കടക്ക് മുന്നിലിട്ടു

മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനം എന്ന് എൻ ബിരേൻ സിങ് രാജിക്കത്തിൽ പറഞ്ഞു. കേന്ദ്രത്തോട് അഞ്ച് അഭ്യർത്ഥനകളും രാജിക്കത്തിൽ എഴുതിയിട്ടുണ്ട്. മണിപ്പൂരിൻ്റെ പ്രദേശിക സമഗ്രത നിലനിർത്തണം, നുഴഞ്ഞു കയറ്റം തടയാൻ നടപടി വേണം, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണം, മയക്ക് മരുന്നിനെതിരെ പോരാട്ടം വേണം എന്നും ബിരേൻ സിങ് കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം ബിരേൻ സിങ് മണിപ്പൂരിന്റെ കാവൽ മുഖ്യമന്ത്രിയായി തുടരും. മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല നാളെ ഡൽഹിയിൽ എത്തി അമിത് ഷാ അടക്കമുള്ളവരെ കാണും. ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെ ബിജെപി എംഎൽഎമാർ മണിപ്പൂരിൽ യോഗം ചേരുകയും ചെയ്തു. നാളെ തുടങ്ങാനിരിക്കുന്ന നിയമസഭ സമ്മേളനത്തില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജിവെച്ചൊഴിഞ്ഞത്.

Content Highlights: Rahul Gandhi Says N Biren Singh Separated Manipur Peoples

To advertise here,contact us