ട്രെയിനിൽ ആക്രമണത്തിനിരയായ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവം; 50000 രൂപ നഷ്ടപരിഹാരവുമായി ദക്ഷിണ റെയിൽവെ

ലേഡീസ് കംപാർട്ട്മെന്റിലെ യാത്രയ്ക്കിടെ വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെ ജോളാർപേട്ട് സ്റ്റേഷന് പരിസരത്ത് വെച്ച് ക്രൂരമായ സംഭവമുണ്ടായത്

വെല്ലൂർ: പീഡനശ്രമം ചെറുത്തതോടെ അക്രമി ട്രെയിനിന് പുറത്തേക്ക് തള്ളിയിടുകയും പിന്നാലെ ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവെ. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് 50000 രൂപയാണ് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ലേഡീസ് കംപാർട്ട്മെന്റിലെ യാത്രയ്ക്കിടെ വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെ ജോളാർപേട്ട് സ്റ്റേഷന് പരിസരത്ത് വെച്ച് ക്രൂരമായ സംഭവമുണ്ടായത്.

കോയമ്പത്തൂർ തിരുപ്പതി ഇൻ്റർസിറ്റി എക്സ്പ്രസിലാണ് കഴിഞ്ഞ ദിവസം രാവിലെ ഗർഭിണിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹേമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുപ്പൂരിൽ നിന്നും ആന്ധ്രപ്രദേശിലുള്ള അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്ന 36-കാരിക്കാണ് ദുരനുഭവമുണ്ടായത്.

ലേഡീസ് കംപാർട്ട്മെന്റിലുണ്ടായിരുന്ന മറ്റ് ഏഴ് പേരും ജോലർപേട്ടൈയിലെത്തിയപ്പോൾ ഇറങ്ങി. ഇതോടെ ഹേമരാജ് കംപാർട്ട്മെന്റിലേക്ക് ചാടിക്കയറി. യുവതി തനിച്ചാണെന്ന് മനസിലായതോടെ ഇയാൾ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

Also Read:

National
ചില്ലറകൾ കൂട്ടിവെച്ച് സമ്പാദിക്കുന്നവർക്ക് കേന്ദ്രത്തിൻ്റെ 'പണി'; ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറയ്ക്കും

പ്രതിയെ ചവിട്ടി വീഴ്ത്താൻ യുവതി ശ്രമിച്ചെങ്കിലും ഇതിനിടെ ഇയാൾ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു. യുവതിയുടെ തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ മോഷണം, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർന്നാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Content Highlights: Southern Railway offers Rs 50,000 ex-gratia to pregnant woman assaulted on train

To advertise here,contact us