'അമ്മേ,പപ്പാ എന്നോട് ക്ഷമിക്കണം,കരയരുത്'; പ്രവേശന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ യുപിയിൽ 18കാരി ജീവനൊടുക്കി

ജീവനൊടുക്കിയ അന്ന് രാവിലെയും പെൺകുട്ടി അച്ഛനോട് സംസാരിക്കുകയും, തന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്ത് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ജെഇഇ മെയിൻ പ്രവേശന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് പ്ലസ്ടൂ വിദ്യാർഥിനി ജീവനൊടുക്കി. എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള മത്സര പരീക്ഷയായ ജെഇഇ മെയിൻസിന്റെ ഫലം ചൊവ്വാഴ്ച്ചയായിരുന്നു പ്രഖ്യാപിച്ചത്. സ്വകാര്യ പരിശീലനകേന്ദ്രത്തിൽ കോച്ചിംഗിന് പോയിരുന്ന പെൺകുട്ടി പരീക്ഷാഫലം വന്നതോടെ മാനസികമായി ആകെ തകർന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മാർക്ക് കുറഞ്ഞതിലുള്ള നിരാശമൂലം പെൺകുട്ടി ഇന്നലെ ഉച്ചയോടെ ആത്മഹത്യ ചെയ്യുകയായിരുന്നു.

പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 'ക്ഷമിക്കണം, അമ്മേ, പപ്പാ… ദയവായി എന്നോട് ക്ഷമിക്കൂ. എനിക്ക് പരീക്ഷയിൽ നല്ല മാർക്ക് നേടാൻ സാധിച്ചില്ല, നമ്മുടെ ഒരുമിച്ചുള്ള യാത്ര ഇവിടെ അവസാനിക്കുന്നു. പപ്പയും അമ്മയും കരയരുത്. നിങ്ങൾ രണ്ടുപേരും എനിക്ക് അളവറ്റ സ്നേഹം നൽകി. നിങ്ങളുടെ സ്വപ്നങ്ങൾ എനിക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല' ഇങ്ങനെയായിരുന്നു ആത്മഹത്യാ കുറിപ്പിലെ വരികൾ.

Also Read:

National
ജീവിതം 'വട്ടംചുറ്റി', തോറ്റതോടെ 'തൊഴില്‍ രഹിതൻ'; യൂട്യൂബ് ചാനല്‍ ആരംഭിച്ച് ആപ്പിൻറെ സൗരഭ് ഭരദ്വാജ്

രണ്ട് ദിവസം മുൻപാണ് പെൺകുട്ടി വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക് തിരിച്ചെത്തിയത്. ആത്മഹത്യ ചെയ്ത ദിവസം രാവിലെയും പെൺകുട്ടി അച്ഛനോട് സംസാരിക്കുകയും, തന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്ത് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒപ്പം തന്റെ പരീക്ഷാഫലത്തെക്കുറിച്ച് ആരെയും അറിയിക്കരുതെന്നും അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടുത്ത ശ്രമത്തിൽ നമുക്ക് ശരിയാക്കാം എന്ന് മകളെ അച്ഛൻ ആശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ ഉച്ചയോട് കൂടി പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

അതേ സമയം തന്റെ മകൾ ഇത്രയും കടുത്ത തീരുമാനം എടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് അച്ഛൻ വേദനയോടെ പറയുന്നു. ബുധനാഴ്ച്ച ഏറെ നേരം പെൺകുട്ടി മുറിയിൽ കതകടച്ചിരിക്കുകയായിരുന്നു. എന്നാൽ ഏറെ വൈകിയും തുറക്കാതായതോടെ സഹപാഠികൾ ഹോസ്റ്റൽ വാർഡനെ വിവരമറിയിക്കുകയായിരുന്നു. ഒടുവിൽ പൊലീസിന്റെ സഹായത്തോടെ വാതിൽ തുറന്നപ്പോൾ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

content highlights : Class 12 student dies after JEE-Mains result in UP: 'Sorry mummy, papa'

To advertise here,contact us