ബെംഗളൂരു: വിശ്വാസികള്ക്ക് ഉത്തര്പ്രദേശിലെ പ്രയാഗ് രാജിലേതിനേക്കാള് സുഗമമായി കര്ണാടകയിലെ കുംഭമേളയില് പ്രാര്ത്ഥിക്കാമെന്നും ഇവിടെ സന്ദര്ശിക്കണമെന്നുമുള്ള കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് ഡി കെ ശിവകുമാറിന്റെ പരാമര്ശത്തിനെതിരെ പ്രതിപക്ഷ നേതാവ് ആര് അശോക. കുംഭമേളയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില് നിലനിന്നിരുന്ന വാക്പോരിന്റെ തുടര്ച്ചയാണിത്. പ്രയാഗ് രാജിലെ കുംഭമേള സന്ദര്ശിച്ച മല്ലികാര്ജുന് ഖര്ഗെ അടക്കമുള്ള കോണ്ഗ്രസ് നേതാക്കളോടും ഇക്കാര്യം ഡി കെ ശിവകുമാര് പറയണമെന്ന് അശോക മറുപടി നല്കി.
'ചരിത്രം എടുത്ത് പരിശോധിച്ചാല് ഗംഗയിലും യമുനയിലും മാത്രമല്ല സരസ്വതി ദേവി നമ്മുടെ കവേരിയിലും ദൈവീകതയും പരിശുദ്ധിയും നല്കിയിട്ടുണ്ട്. അതിനാല് ചില പ്രശ്നങ്ങള് സംഭവിച്ച മഹാകുംഭമേള നടക്കുന്നിടത്തേക്ക് നിങ്ങള് പോകേണ്ട ആവശ്യമില്ലെന്ന് അപേക്ഷിക്കുന്നു. അവിടെ കാര്യങ്ങള് ദുഷ്കരമാണ്. നിങ്ങള്ക്ക് ഇവിടെ വന്ന് പ്രാര്ത്ഥിക്കാം. യാതൊരു ബുദ്ധിമുട്ടുമില്ലാതെ നിങ്ങള്ക്കത് പൂര്ത്തിയാക്കാനാകും', എന്നായിരുന്നു ഡി കെ ശിവകുമാര് പറഞ്ഞത്.
'ശിവകുമാറിന്റെ നിര്ദേശത്തെ സ്വാഗതം ചെയ്യുന്നു. തിരിച്ച് പാര്ട്ടി അധ്യക്ഷനോട് എനിക്ക് പറയാനുള്ളത്, ഇതേ ഉപദേശം ദേശീയ അധ്യക്ഷന് മല്ലികാര്ജ്ജുന് ഖര്ഗെയ്ക്കും അദ്ദേഹത്തിന്റെ മകനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും നല്കണം', എന്ന് ആര് അശോകും മറുപടി നല്കി.
ഡി കെ ശിവകുമാര് പ്രയാഗ് രാജിലെ കുംഭമേളയില് പങ്കെടുത്തതിനെതിരെ അശോക് നേരത്തെ രംഗത്തെത്തിയിരുന്നു. മല്ലികാര്ജ്ജുന് ഖര്ഗെയുടെ വിമര്ശനത്തെ പരാമര്ശിച്ചായിരുന്നു ശിവകുമാറിനെതിരായ അശോകിന്റെ അമ്പ്. ഗംഗയില് സ്നാനം ചെയ്താല് ദാരിദ്ര്യം മാറുമോയെന്ന് നേരത്തെ ഖര്ഗെ ചോദിച്ചിരുന്നു. എന്നാല് കുംഭമേളയില് പങ്കെടുക്കാനുള്ള തന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്നും ചോദ്യം ചെയ്യാന് ആര്ക്കും ഉത്തരവാദിത്തം ഇല്ലെന്നും ഡികെയും മറുപടി നല്കി.
'ഡി കെ ശിവകുമാര് ഗംഗയില് മുങ്ങിയാല് പാപങ്ങള് കഴുകി കളയുമോ? കര്ണ്ണാടകയിലെ പട്ടിണി മാറുമോ എന്നായിരുന്നു അശോക് ചോദിച്ചത്. ഇതിന് മറുപടിയായി ഗംഗയും കാവേരിയും കൃഷ്ണയും ഒരാള്ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നായിരുന്നു ഡികെയുടെ മറുപടി.
Content Highlights: DK Shivakumar urges devotees to choose Karnataka Kumbh over Prayagraj amid row