അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസ്; ബ്രിട്ടീഷ് പൗരന്‍ ക്രിസ്ത്യന്‍ മിഷേലിന് ജാമ്യം

ഇന്ത്യന്‍ അധികൃതര്‍ക്ക് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്ക 375 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ഇറ്റാലിയന്‍ കോടതിയും കണ്ടെത്തിയിരുന്നു

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസിൽ ബ്രിട്ടീഷ് പൗരന്‍ ക്രിസ്ത്യന്‍ മിഷേലിന് ജാമ്യം നല്‍കി സുപ്രീംകോടതി. അറസ്റ്റിലായി ഏഴ് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ വൈകുന്നതിനാലാണ് ജാമ്യം നല്‍കിയത്. ജാമ്യ വ്യവസ്ഥ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

2018 ലാണ് യുഎഇയിൽ അറസ്റ്റിലായ ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് വിവിഐപി ഹെലികോപ്റ്ററുകൾ വാങ്ങാനുളള കരാർ ലഭിക്കാൻ ഇന്ത്യൻ അധികൃതർക്ക് ക്രിസ്ത്യന്‍ മിഷേൽ ലക്ഷങ്ങൾ കൈക്കൂലി നൽകിയെന്നാണ് ആരോപണം.

ഇന്ത്യന്‍ അധികൃതര്‍ക്ക് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്ക 375 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ഇറ്റാലിയന്‍ കോടതിയും കണ്ടെത്തിയിരുന്നു. കമ്പനി അധികൃതരെ കോടതി ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് അന്വേഷണം ഇന്ത്യയിലേക്കും നീളുകയായിരുന്നു. അന്വേഷണത്തിനിടെ ദുബായിലേക്ക് ഇയാൾ കടന്നിരുന്നു. പിന്നീട് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ യുഎഇ സന്ദർശനത്തിൽ ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യക്ക് വിട്ടുനൽകാൻ യുഎഇ മന്ത്രാലയം ഉത്തരവിടുകയായിരുന്നു.

2010 ലാണ് 12 വിവിഐപി ചോപ്പറുകൾ വാങ്ങാനായി അ​ഗസ്റ്റ വെസ്റ്റ്ലാൻഡിന് കരാർ നൽകിയത്. ഹെലികോപ്റ്ററുകൾ 3727 കോടി രൂപയ്ക്ക് വാങ്ങാനുളള ഇടപാടിലെ അഴിമതി സർക്കാരിന് 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കേസ്. കരാർ തുക പെരുപ്പിച്ച് കാണിക്കാൻ രാഷ്ട്രീയക്കാർക്കും മുൻ വ്യോമസേന മേധാവി എസ് പി ത്യാ​ഗി ഉൾപ്പെടെയുളളവർക്ക് 452 കോടി രൂപയോളം തുക കൈക്കൂലി നൽകി എന്ന് അന്വേഷണത്തിൽ കണ്ടെത്തി. എസ് പി ത്യാഗി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിവിഐപി ഹെലികോപ്ടറിന്റെ സര്‍വീസ് പരിധി 6000 മീറ്ററില്‍നിന്ന് 4500 മീറ്ററായി കുറയ്ക്കാന്‍ മിഷേല്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഇതോടെ 3700 കോടി രൂപയുടെ കരാറിന് അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് യോഗ്യത നേടി.

Also Read:

Idukki
ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെയാളുടെയും മൃതദേഹം ലഭിച്ചു

2014 ൽ കമ്പനിയുമായുളള കരാർ കേന്ദ്ര സർക്കാർ റദ്ദാക്കുകയും കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് സിബിഐ അന്വേഷണം ആരംഭിച്ചു. കമ്പനിയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു. 2015 ല്‍ മിഷേലിനെതിരേ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റർപോൾ റെഡ്‌കോര്‍ണര്‍ നോട്ടിസും പുറത്തിറക്കി. അ​ഗസ്റ്റ വെസ്റ്റ്ലാൻഡ്, ഫിൻമെക്കാനിക്ക മുൻ ഡയറക്ടർമാരായ ജ്യുസെപ് ഒർസി, ബ്രൂണോ സ്പാഗ്നോലിനി, എസ് പി ത്യാഗി എന്നിവര്‍ കുറ്റക്കാരാണെന്ന് എന്‍ഫോഴ്സ്മെന്റും കണ്ടെത്തി. 2016 ൽ എസ് പി ത്യാഗിയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 2017 ഫെബ്രുവരിയിൽ ദുബായില്‍ വെച്ച് മിഷേല്‍ അറസ്റ്റിലാവുകയായിരുന്നു.

Content Highlights: christian michel get bail in agusta westland chopper scam case

To advertise here,contact us