രാഹുല്‍ ഗാന്ധിയുടെ വിയോജനക്കുറിപ്പ് തള്ളി; ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡോ. വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് മറികടന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. രാജീവ് കുമാര്‍ വിരമിച്ച ഒഴിവില്‍ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ അടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനായി തിരഞ്ഞെടുത്തത്. സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായ രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് നല്‍കിയെങ്കിലും ഇത് തള്ളുകയായിരുന്നു. ഡോ. വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു.

Also Read:

Kerala
'ഉമ്മയുണ്ട്, പർദയിലാണെന്ന് പറഞ്ഞു; അവർ ഞങ്ങളെ അമ്പലത്തില്‍ കയറ്റി ചായ തന്നു'; അനുഭവം പറഞ്ഞ് മനാഫ്

സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തേ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി ഫെബ്രുവരി 19ന് പരിഗണിക്കാനിക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗം മാറ്റിവെയ്ക്കണമെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായില്ല. ഞൊടിയിടയില്‍ ഗ്യാനേഷ് കുമാറിനെ തിരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

മുന്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വിശ്വസ്തന്‍ കൂടിയാണ്. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബില്‍ തയ്യാറാക്കുന്നതില്‍ ഗ്യാനേഷ് കുമാര്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. അതിന് ശേഷം അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി നിയമിതനാകുകയും അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി രേഖകളും കൈകാര്യം ചെയ്തിരുന്നു.

Content Highlights- Gyanesh kumar appointed as new cheif election commission in india

To advertise here,contact us