'കൂടുതല്‍ യുവജനങ്ങളെത്തണം, ഗ്രാമീണ അടിത്തറ ഉറപ്പിക്കണം'; ബംഗാളില്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ സിപിഐഎം

ഇടതുപക്ഷത്തെ സംഘടനാപരമായി കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഊന്നല്‍ നല്‍കുമെന്ന് പ്രകാശ് കാരാട്ട്

കൊല്‍ക്കത്ത: പാര്‍ട്ടിയിലേക്ക് യുവജനങ്ങളെ എത്തിക്കേണ്ടതിന്റെയും ഗ്രാമീണ മേഖലയില്‍ പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറഞ്ഞ് സിപിഐഎം ബംഗാള്‍ സംസ്ഥാന സമ്മേളനം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ സമ്മേളനത്തില്‍ വിഷയം ഉന്നയിച്ചു.

ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ യുവജനങ്ങളുടെ ആവശ്യകത കാരാട്ട് എടുത്തു പറഞ്ഞു. യുവാക്കളെ പാര്‍ട്ടിയിലേക്കെത്തിക്കുന്നതില്‍ സിപിഐഎം പരാജയപ്പെട്ടാല്‍ അതിന്റെ ഗുണഭോക്താക്കളാകുക തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമായിരിക്കുമെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ യുവജനങ്ങള്‍ മാത്രം എത്തിയാല്‍ പോരെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

കോര്‍പ്പറേറ്റ് സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ വിശാലമായ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ സഖ്യം ശക്തിപ്പെടുത്തുകയെന്നതാണ് മുഖ്യമായ രാഷ്ട്രീയ അജണ്ടയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇടതുപക്ഷത്തെ സംഘടനാപരമായി കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഊന്നല്‍ നല്‍കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തുന്ന വര്‍ഗീയതയെ ചെറുക്കാന്‍ ബംഗാളില്‍ പാര്‍ട്ടി പഴയ പ്രതാപം വീണ്ടെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്കുള്ളിലെ പോരായ്മകള്‍, അന്തരിച്ച മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാണിച്ചിരുന്നതായി സംസ്ഥാന കമ്മിറ്റിയിലെ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയില്‍ പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കള്‍ ഊന്നിപ്പറഞ്ഞു.

2011 ലെ തിരഞ്ഞെടുപ്പില്‍ ജനവിധി എതിരായപ്പോഴും 30.08 ശതമാനം വോട്ടര്‍മാര്‍ സിപിഐഎമ്മിനെ പിന്തുണച്ചതായി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ഷെയര്‍ 5.67 ശതമാനം ആയിരുന്നു. ഗ്രാമീണ ജനതയും സിപിഐഎമ്മും തമ്മിലുള്ള അകലം വ്യക്തമാക്കുന്നതാണ് ഇൌ കണക്കെന്നും എം ഡി സലീം പറഞ്ഞു. ഇതേ പ്രശ്‌നങ്ങള്‍ 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസിലും ചൂണ്ടിക്കാണിച്ചിരുന്നതായി മറ്റൊരു നേതാവും വ്യക്തമാക്കി.

ഇന്നലെയാണ് സിപിഐഎം ബംഗാള്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. ഹുഗ്ലി ജിലയിലെ ദാങ്കുനിയില്‍ ബുദ്ധദേബ് ഭട്ടാചാര്യ നാഗറിലാണ് സമ്മേളനം നടക്കുന്നത്. 450ലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രാമചന്ദ്ര ഡോം, അമിയ പത്ര, ശേഖര്‍ സര്‍ദാര്‍, സമന്‍ പഥക്, ജഹനാര ഖാന്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ചൊവ്വാഴ്ച അവസാനിക്കും.

Content Highlights- Youth, rural support base in focus at bengal cpim state conference

To advertise here,contact us