പുതിയ കെപിസിസി അധ്യക്ഷൻ മാർച്ച് ആദ്യവാരത്തോടെ; പുനഃസംഘടനയിൽ ഉറച്ച് ഹെെക്കമാൻഡ്

എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാർ മാറും

ന്യൂഡൽഹി: കേരളത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കും. കെപിസിസി പുനഃസംഘടനയിൽ ഉറച്ചു നിൽക്കുകയാണ് ഹൈക്കമാൻഡ്. പുനഃസംഘടനയിൽ ഉയർന്നുവന്നിട്ടുളള എതിർപ്പുകൾ ഹൈക്കമാൻഡ് പരിഗണിച്ചേക്കില്ല.

എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാർ മാറും. നാളെ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കളെ കാര്യങ്ങൾ ബോധിപ്പിക്കുമെന്നാണ് വിവരം.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ നിന്നുളള പ്രധാന നേതാക്കളെ നാളെ പ്രത്യേകം കാണും. ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന് നേതാക്കളോട് ആവശ്യപ്പെട്ടേക്കും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം.

Also Read:

Kerala
അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാലും പരാതിയില്ല, അം​ഗീകരിക്കും; കോൺ​ഗ്രസ് പുനഃസംഘടനയിൽ പ്രതികരിച്ച് കെ സുധാകരൻ

അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാൽ കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ പറഞ്ഞിരുന്നു. 'കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാം, നീക്കാതിരിക്കാം. ഹൈക്കമാൻഡ് തീരുമാനം അം​ഗീകരിക്കും. മാറ്റിയാൽ കുഴപ്പമില്ല. പരാതിയുമില്ല. ഞാൻ തൃപ്തനായ മനസിന്റെ ഉടമയാണ്. റിപ്പോർട്ടിനെ പറ്റി കനുഗോലുവിനോട് തന്നെ ചോദിക്കണം',കെ സുധാകരൻ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിൽ പുനഃസംഘടന ഉണ്ടായേക്കുമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കിയേക്കുമെന്നുമുള്ള സൂചനകൾ പുറത്തുവന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസമായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുകയെന്നും വിവരമുണ്ടായിരുന്നു.

Also Read:

Kerala
കെപിസിസി പുനഃസംഘടന ഉടൻ; കെ സുധാകരനെ മാറ്റും, സമൂല മാറ്റം വേണമെന്ന് കനു​ഗോലുവിന്റെ റിപ്പോർട്ട്

കേരളത്തിലെ സംഘടനയിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചു. കെ സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ കന​ഗോലു ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: KPCC President Changed March First Week, Highcommand Stand Strictly for Reorganisation of KPCC

To advertise here,contact us