'പൊതുജനസമക്ഷം നൽകില്ല, കോടതിയിൽ ഹാജരാക്കാം'; മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ ഡൽഹി യൂണിവേഴ്‌സിറ്റി

'നരേന്ദ്ര മോദി തങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥിയാണെങ്കിലും നിലവില്‍ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്'

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഡൽഹി സര്‍വകലാശാല നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി പറയാന്‍ മാറ്റി. മോദി ബിരുദം പൂർത്തിയാക്കിയതായി പറയപ്പെടുന്ന 1978-ൽ ബാച്ചിലർ ഓഫ് ആർട്‌സ് (ബിഎ) പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളുടെയും ഫലം തേടി ആക്ടിവിസ്റ്റ് നീരജ് കുമാർ സമർപ്പിച്ച വിവരാവകാശ അപേക്ഷയെ തുടർന്നായിരുന്നു ഹർജി.

നരേന്ദ്ര മോദി തങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥിയാണെങ്കിലും നിലവില്‍ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അതുകൊണ്ടുതന്നെ ബിരുദ സര്‍ട്ടിഫിക്കറ്റ് പൊതുജനങ്ങള്‍ക്ക് നല്‍കാനാവില്ല. രാഷ്ട്രീയ ലക്ഷ്യം മാത്രം പ്രതീക്ഷിക്കുന്നവരുടെ മുൻപിൽ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാനാവില്ലെന്നും പ്രത്യേകിച്ച് അപരിചിതര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനാവില്ലെന്നും സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയിൽ വാദിച്ചു.

അറിയാനുള്ള അവകാശത്തെക്കാള്‍ വലുതാണ് സ്വകാര്യതയ്ക്കുള്ള അവകാശമെന്നും ഡൽഹി സർവകലാശാല ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കും സ്വകാര്യതയുണ്ട്. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളണമെന്നും തുഷാർ മേത്ത ഹൈക്കോടതിയിൽ വാദിച്ചു. സർവകലാശാലയുടെ കൈവശം മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ ഉണ്ട്. വേണമെങ്കിൽ അത് കോടതിയിൽ ഹാജരാക്കാം. എന്നാൽ അപരിചിതര്‍ക്ക് ഈ രേഖകൾ പരിശോധിക്കാൻ അനുവാദമില്ലെന്നും തുഷാർ മേത്ത വാദിച്ചു.

Also Read:

National
അവസാനമായി പൊതുവേദിയിലെത്തിയത് ഫെബ്രുവരി 23ന്; കെജ്‌രിവാള്‍ എന്ത് ചെയ്യുന്നു?

1978ല്‍ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്, വിജയശതമാനം, പേര്, റോള്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് കാണിച്ച് ആക്ടിവിസ്റ്റ് നീരജ് കുമാര്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. വിവരാവകാശ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൂന്നാം കക്ഷി വിവരങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ടെന്ന് വാദിച്ചുകൊണ്ട് ഡൽഹി സർവകലാശാല രേഖകൾ വെളിപ്പെടുത്താൻ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നീരജ് കുമാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു. നീരജിന്റെ അപേക്ഷ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷൻ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ രേഖകള്‍ പൊതുവിവരമാണെന്നും സര്‍വകലാശാലകള്‍ പൊതുസ്ഥാപനമാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലപാട് സ്വീകരിച്ചു. അവയുടെ രേഖകള്‍ പൊതു രേഖകളാണെന്നും അത് നീരജിന് ലഭ്യമാക്കണമെന്നും ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ ഡൽഹി സർവകലാശാല കോടതിയെ സമീപിക്കുകയായിരുന്നു. 2017 ജനുവരി 24ന് നടന്ന ആദ്യ ഹിയറിങ്ങില്‍ തന്നെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

content highlights : Indian Court Reserves Verdict in PM Modi’s Degree Controversy

To advertise here,contact us