കോൺഗ്രസില്‍ ഐക്യമില്ലെന്ന വാര്‍ത്ത തള്ളി ഹൈക്കമാൻഡ്; നേതൃമാറ്റം ചർച്ചയായില്ലെന്ന് കെ സി വേണുഗോപാൽ

കൊച്ചു കേരളം യുഡിഎഫിന്റെ കൈയിൽ എത്തിക്കുമെന്ന് കെ സുധാകരൻ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഹൈക്കമാന്‍ഡ്. മീഡിയ തെറ്റായ ധാരണ നല്‍കുകയാണെന്ന് ഹൈക്കമാന്‍ഡ് ആരോപിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധാകരനെ മാറ്റുന്നതടക്കമുള്ള വിഷയങ്ങൾ ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തിൽ ചർച്ചയായില്ല.

ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന യോഗമാണ് നടന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സമ്പൂര്‍ണ ഐക്യ ആഹ്വാനമാണ് നല്‍കിയത്. ജനവിരുദ്ധ സര്‍ക്കാരിനെ താഴെ ഇറക്കുക എന്നതാണ് ലക്ഷ്യം. എല്ലാ ആലോചനകളോടെയും മുന്നോട്ട് പോകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു..

Also Read:

National
അവസാനമായി പൊതുവേദിയിലെത്തിയത് ഫെബ്രുവരി 23ന്; കെജ്‌രിവാള്‍ എന്ത് ചെയ്യുന്നു?

അതിനിടെ കേരളം തട്ടിയെടുക്കുമെന്നും കൊച്ചു കേരളം യുഡിഎഫിന്റെ കൈയിൽ എത്തിക്കുമെന്നും കെ സുധാകരനും പ്രതികരിച്ചു. ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും ഹൈക്കമാന്‍ഡിന്റെ കര്‍ശനമായ നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ചയായെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും പ്രതികരിച്ചു. കോണ്‍ഗ്രസ് ജനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ പരിപാടികള്‍ വരും മാസങ്ങളില്‍ നടക്കും. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുമെന്നും ദീപാ ദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുന്നോട്ടുപോകണമെന്ന് യോഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞു. ജനങ്ങളുടെ കൂടെ കോണ്‍ഗ്രസ് നില്‍ക്കണെമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlights: UDF will win next election says K Sudhakaran

To advertise here,contact us