ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസ്: വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തമന്ന

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇവ വ്യാജമാണെന്നും തമന്ന അറിയിച്ചു

ചെന്നൈ: 60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി തമന്ന. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇവ വ്യാജമാണെന്നും തമന്ന അറിയിച്ചു. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.

ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കണോ എന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്നും നടി കൂട്ടിച്ചേർത്തു. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് പുതുച്ചേരി പൊലീസ് കേസെടുത്തത്.

Also Read:

National
കൊവിഡ് ഫണ്ട് ദുരുപയോഗം, മരുന്ന് ക്ഷാമം; ഡൽഹിയിൽ ആം ആദ്മിയെ പ്രതിരോധത്തിലാക്കി സിഎജി റിപ്പോർട്ട്

കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാർ പങ്കെടുത്തിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിമാരെ ചോദ്യം ചെയ്യുക. പുതുച്ചേരിയിൽ നിന്നുള്ള 10 പേരിൽനിന്ന് 2.40 കോടി തട്ടിയെന്നാണു പരാതി. കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.

2022ൽ നടി തമന്ന ഉൾപ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം. 3 മാസത്തിന് ശേഷം നടി കാജൽ അഗർവാൾ ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലിൽ കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്ത് 100 പേർക്കു കാറുകൾ സമ്മാനമായി നൽകി. മുംബൈയിൽ നടന്ന പരിപാടിയിലും അവർ പങ്കെടുത്തതായി പൊലീസ് പറയുന്നു. ഇരുവർക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടർന്നാണു പൊലീസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

Content Highlights: Tamannaah said that she will take action against those who spread fake news

To advertise here,contact us