ബിഹാര്‍; സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്, നേതാക്കളുമായി ഉടന്‍ യോഗം

ആര്‍ജെഡി വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത, വിജയ സാധ്യത തീരെ കുറഞ്ഞ സീറ്റുകളാണ് തങ്ങള്‍ക്ക് തന്നതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടി നേതാക്കളുമായി ഡല്‍ഹിയില്‍ ഒരു യോഗം അടുത്ത് തന്നെ വിളിക്കും. ഈ യോഗത്തിന് ശേഷം ആര്‍ജെഡിയുമായി ഔപചാരിക സീറ്റ് വിഭജന ചര്‍ച്ച ആരംഭിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.

2020ലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതിനേക്കാള്‍ വിജയിക്കാന്‍ കഴിയുന്ന സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാനത്ത് നിന്നുള്ള നേതാക്കളില്‍ നിന്ന് വിശദമായി തന്നെ വിവരം തേടും. അതിന് ശേഷം ആര്‍ജെഡിയുമായുള്ള ചര്‍ച്ച ആരംഭിക്കുക.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളിലാണ് മത്സരിച്ചത്. 17 സീറ്റുകളിലാണ് വിജയിച്ചത്. ആര്‍ജെഡി 144 സീറ്റുകളില്‍ മത്സരിക്കുകയും 72 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. ആര്‍ജെഡി വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത, വിജയ സാധ്യത തീരെ കുറഞ്ഞ സീറ്റുകളാണ് തങ്ങള്‍ക്ക് തന്നതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അത് കൊണ്ട് കഴിഞ്ഞ തവണ സംഭവിച്ചത് ഇക്കുറി ആവര്‍ത്തിക്കരുതെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

ജാതി സമവാക്യങ്ങളാല്‍ ആര്‍ജെഡിക്ക് സ്വാധീനം വളരെ കുറഞ്ഞ നളന്ദ, പാറ്റ്‌ന, കഗാറിയ, വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച്, ഗയ ജില്ലകളില്‍ നിരവധി സീറ്റുകളാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നളന്ദ, ഗോപാല്‍ഗഞ്ച് ജില്ലകളിലെ ഒമ്പത് സീറ്റുകളില്‍ മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നു.

Content Highlights: The Congress will soon be holding a meeting with the leaders of Bihar

To advertise here,contact us