ഷഹ്‌സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പിലാക്കിയത് ഫെബ്രുവരി പതിനഞ്ചിന്; ഇന്ത്യയെ വിവരമറിയിക്കാൻ വൈകി

ഫെബ്രുവരി 28നാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത്

ന്യൂഡല്‍ഹി: നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയ വിവരം ഇന്ത്യയെ അറിയിക്കാൻ വൈകിയതായി വിമർശനം. ഫെബ്രുവരി പതിനഞ്ചിനാണ് യുഎഇ നിയമപ്രകാരം ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത് ഫെബ്രുവരി 28നാണ്. വധശിക്ഷ നടത്തിയത് അറിയിക്കാത്തിൽ വിദേശ കാര്യമന്ത്രാലയത്തിന് അമർഷമുണ്ട്. വിദേശകാര്യമന്ത്രാലയം ഡൽഹി ഹൈക്കോടതിയിൽ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഷഹ്‌സാദി ഖാന്റെ മാതാപിതാക്കളായ ഷബീർ ഖാനും നസ്ര ബീഗത്തിനും തിങ്കളാഴ്ചയാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം ലഭിച്ചത്. ഫെബ്രുവരി 15 ന് വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുമ്പ് മാതാപിതാക്കളെ ഷഹ്‌സാദി ഖാൻ വിളിച്ചിരുന്നു. ഇത് അവസാനമായി വിളിക്കുന്നു എന്നാണ് ഷഹ്‌സാദി ഖാൻ മാതാപിതാക്കളോട് പറഞ്ഞിരുന്നത്.അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേയ്ക്ക് വിളിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും ഷഹ്സാദി പറഞ്ഞിരുന്നു. ഷബീർ ഖാന്‍ ഈ വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കിട്ടിയ വിവരം വധശിക്ഷ നടപ്പാക്കിയില്ല എന്നായിരുന്നു. നിയമസഹായത്തിനുള്ള നടപടികൾ തുടർന്നും എംബസി സ്വീകരിക്കുകയും ചെയ്തിരുന്നു. അഭിഭാഷകനെ ഏർപ്പെടുത്താനും അപ്പീൽ നൽകാനും ദയാഹർജി നൽകാനുമൊക്കെ എംബസി ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയ വിവരം വിദേശകാര്യമന്ത്രാലയം അറിയുന്നത്.

Also Read:

Kerala
താമരശ്ശേരി ഷഹബാസ് കൊലപാതകം: ഒരു വിദ്യാർത്ഥി കൂടി പൊലീസ് കസ്റ്റഡിയിൽ; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ദമ്പതികളായ മാതാപിതാക്കള്‍ നല്‍കിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശിലെ ഗൊയ്റ മുഗളി സ്വദേശിനിയായിരുന്നു 33കാരിയായ ഷഹ്സാദി ഖാന്‍. വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്നും ഇത് തന്റെ അവസാന ഫോണ്‍ കോള്‍ ആണെന്നും പറഞ്ഞ് ഷഹ്സാദി വീട്ടിലേയ്ക്ക് വിളിച്ചതോടെയാണ് വിഷയത്തിന്റെ ഗൗരവം പുറംലോകമറിയുന്നത്.

2021ലായിരുന്നു ഷഹ്സാദി അബുദാബിയില്‍ എത്തിയത്. നാട്ടില്‍ ഉസൈര്‍ എന്നയാളുമായി പരിചയത്തിലായ ഷഹ്‌സാദിയെ അയാള്‍ ബന്ധുക്കള്‍ കൂടിയായ ആഗ്ര സ്വദേശികളായ ഫൈസ്-നസിയ ദമ്പതികള്‍ക്ക് വിറ്റു.

അബുദാബിയിലായിരുന്ന ഇവര്‍ ഷഹ്‌സാദിയേയും അവിടേയ്ക്ക് കൊണ്ടുപോയി. തങ്ങളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാനായിരുന്നു ഷഹ്‌സാദിയെ അവര്‍ അബുദാബിയില്‍ എത്തിച്ചത്. എന്നാല്‍ ഒരു ദിവസം കുട്ടി അപ്രതീക്ഷിതമായി മരണപ്പെട്ടു. കുട്ടി മരിക്കാന്‍ കാരണക്കാരി ഷഹ്‌സാദിയാണെന്ന് ചൂണ്ടിക്കാട്ടി ഫൈസും നസിയയും പരാതി നല്‍കുകയും തുടര്‍ന്ന് ഷഹ്‌സാദിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാതെയായിരുന്നു കുട്ടി മരിച്ചതെന്നായിരുന്നു ഷഹ്‌സാദിയുടെ വാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. കേസില്‍ ഷഹ്ദാസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അബുദാബി കോടതി അവര്‍ക്ക് വധശിക്ഷ വിധിച്ചു. കോടതി വിധിക്ക് പിന്നാലെ ഷഹ്‌സാദിയുടെ പിതാവ് ഷബ്ബിര്‍ ഖാന്‍ ജില്ലാ ഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരേയും കണ്ട് തന്റെ മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

കുട്ടിക്കാലം മുതല്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ച ആളാണ് ഷഹ്സാദി. ചെറിയപ്രായത്തില്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പൊള്ളലേറ്റ് മുഖത്ത് സാരമായ പരിക്കേറ്റു. 2020ലായിരുന്നു ഉസൈറിനെ ഇവര്‍ പരിചയപ്പെടുന്നത്. മുഖത്ത് പൊള്ളലേറ്റുണ്ടായ പാടുകള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും ആഗ്രയില്‍ സുഖജീവിതം നയിക്കാമെന്നും ഇയാള്‍ ഷഹ്സാദിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. അങ്ങനെ ഷഹ്സാദി ആഗ്രയിലെത്തി. എന്നാല്‍ ഇവിടെവെച്ച് ഷഹ്സാദിയെ ഉസൈര്‍ ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.

Content Highlights: India Criticize UAE for the late information about the execution of Shahzadi Khan

To advertise here,contact us