ന്യൂഡല്ഹി: കലാപം നടന്ന മണിപുരിലെ ഗോത്രമേഖലകളില് 600 വീടുകള് കത്തോലിക്കാസഭ നിര്മ്മിക്കും. ഇതില് പകുതിയെണ്ണം നിര്മ്മിച്ച് കൈമാറി. ഇംഫാല് അതിരൂപതയുടെ നേതൃത്വത്തില് നടക്കുന്ന പദ്ധതിയുടെ ചുമതല അതിരൂപത വികാരി ജനറലും മലയാളിയുമായ റവ. ഡോ. വര്ഗീസ് വേലിക്കകത്തിന് ആണ്.
ചുരാചന്ദ്പൂര്, കാങ്പോക്പി, തെഗ്നോപാല് ജില്ലകളിലെ ഗോത്ര മേഖലകളിലാണ് വിവിധ ക്ലസ്റ്ററുകളിലായി വീടുകള് നിര്മിക്കുന്നത്. കലാപത്തിന്റെ ഇരകള്ക്ക് സര്ക്കാരിന്റെ നേതൃത്വത്തില് ഏതാനും പ്രീഫാബ്രിക്കേറ്റഡ് വീടുകള് നിര്മ്മിച്ചിരുന്നു. ഈ വീടുകള് ഏറെയും ഇംഫാല് താഴ്വരയില് മെയ്തെയ് വിഭാഗക്കാര്ക്കായിരുന്നു. കടുത്ത ചൂടും അസൗകര്യവും മൂലം പലരും പ്രീഫാബ് വീടുകളോട് താല്പര്യം കാണിച്ചിരുന്നില്ല. ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി പൂര്ണമായും വാസയോഗ്യമായ മികച്ച വീടുകളാണ് സഭ നിര്മ്മിക്കുന്നത്.
അടുക്കള കൂടിയുള്ള ഹാള്, കിടപ്പുമുറി, ശുചിമുറി എന്നിവ ഉള്പ്പെട്ടതാണ് വീടുകള്. 30 കോടി ബജറ്റിലാണ് 600 വീടുകള് നിര്മ്മിക്കുന്നത്. പകുതിയോളം വീടുകളുടെ നിര്മ്മാണം പൂര്ത്തിയാക്കി കൈമാറി. ഗോത്രവിഭാഗക്കാര് ഒന്നിച്ചു ജീവിക്കുന്നവരായതിനാല് ഗ്രാമങ്ങള്ക്കുള്ളില് ചെറിയ ഗ്രാമങ്ങളാണ് കത്തോലിക്കാസഭ പുതുതായി സൃഷ്ടിച്ചത്. ഇംഫാല് അതിരൂപ ആര്ച്ച് ബിഷപ്പ് ഡോ. ലീനസ് നെലിയുടെ നേതൃത്വത്തില് സഭയുടെ സാമൂഹിക സേവനവിഭാഗം വിവിധ പദ്ധതികള് നടപ്പാക്കിയിരുന്നു. കലാപത്തെ തുടര്ന്ന് ആയിരക്കണക്കിനാളുകള് സംസ്ഥാനം വിട്ടിരുന്നു. ഇരകളില് വലിയൊരു പങ്കും ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമാണ് താമസിക്കുന്നത്.
Content Highlights: Catholic Church provides 600 houses for riot victims in Manipur