തിരക്കിനിടയില്‍ വഴി കാണാതെ ശിപ്രാ ദാസ്; മുന്നോട്ട് വലിച്ച് ചേര്‍ത്ത് പിടിച്ച് രാഹുല്‍ ഗാന്ധി, കയ്യടികള്‍

ശിപ്രാ ദാസിനെ കാറ് വരെ രാഹുല്‍ ഗാന്ധി അനുഗമിക്കുകയും ചോക്ലേറ്റുകള്‍ നല്‍കുകയും ചെയ്തു.

ന്യൂഡല്‍ഹി: മുതിര്‍ന്ന ഫോട്ടോജേര്‍ണലിസ്റ്റ് ശിപ്രാ ദാസിനൊപ്പ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചേര്‍ത്ത് പിടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ ഫോട്ടോയെടുക്കുന്ന ശിപ്രാ ദാസ് പുരുഷ ഫോട്ടജേര്‍ണലിസ്റ്റിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പുറത്ത് കടക്കാന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ രാഹുല്‍ അവരെ മുന്നോട്ട് വലിക്കുകയും കെട്ടിപ്പിടിക്കുകയുമായിരുന്നു.

'മാഡം, നിങ്ങള്‍ വളരെ കഠിനപ്രയത്‌നം ചെയ്യുന്ന സ്ത്രീയാണ്. ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു. ബഹുമാനിക്കുന്നു', രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് ശിപ്രാ ദാസിനെ കാറ് വരെ രാഹുല്‍ ഗാന്ധി അനുഗമിക്കുകയും ചോക്ലേറ്റുകള്‍ നല്‍കുകയും ചെയ്തു. ഈ സമയത്തെ ചിത്രങ്ങളാണ് നിരവധി ആളുകളുടെ കയ്യടി നേടിയത്.

കൊല്‍ക്കത്തയിലെ ആദ്യത്തെ വനിതാ ഫോട്ടോജേര്‍ണലിസ്റ്റായി 1980ലാണ് ശിപ്രാ ദാസ് കരിയര്‍ ആരംഭിക്കുന്നത്. 24 വര്‍ഷമായി ഇന്ത്യ ടുഡേയിലാണ് ശിപ്രാ ദാസ് ജോലി ചെയ്യുന്നത്. ഇതിന് മുമ്പ് ഡല്‍ഹിയില്‍ പിടിഐയിലായിരുന്നു ജോലി ചെയ്തത്. 40 വര്‍ഷമായുള്ള തന്റെ കരിയറില്‍ നിരവധി സുപ്രധാന സംഭവങ്ങള്‍ ശിപ്രാ ദാസിന് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

1985ലെ കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് ഷോപ്പിങ് ഏരിയയിലുണ്ടായ തീപ്പിടിത്തം, 1990ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

Content Highlights: Rahul Gandhi shares image with Shipra Das

To advertise here,contact us