സിപിഐഎം എംഎല്‍എയായിരിക്കേ ബിജെപിയില്‍ ചേര്‍ന്ന തപ്‌സി മണ്ഡല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 77 സീറ്റിലാണ് ബിജെപി വിജയിച്ചത്

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി. സിപിഐഎം എംഎല്‍എയായിരിക്കേ ബിജെപിയില്‍ ചേര്‍ന്ന തപ്‌സി മണ്ഡല്‍ പാര്‍ട്ടി വിട്ടതാണ് തിരിച്ചടിയായത്. നിലവില്‍ ബിജെപി എംഎല്‍എയായ തപ്‌സി മണ്ഡലാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തപ്‌സിയും പാര്‍ട്ടി വിട്ടതോടെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി വിടുന്ന എംഎല്‍എമാരുടെ എണ്ണം 12ആയി.

പൂര്‍ണ മേദിനിപൂരിലെ ഹാല്‍ദിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് തപ്‌സി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സ്വാധീന കേന്ദ്രമാണ് പൂര്‍ണ മേദിനിപൂര്‍. സുവേന്ദുവിന്റെ അടുത്ത അനുയായി ആയ തപ്‌സി പാര്‍ട്ടി വിട്ടത് ബിജെപിയെ പോലെ അദ്ദേഹത്തിനും തിരിച്ചടിയാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേയാണ് തപ്‌സി പാര്‍ട്ടി വിട്ടിരിക്കുന്നത്.

2016ല്‍ ഹാല്‍ദിയ മണ്ഡലത്തില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച തപ്‌സി 2020 ഡിസംബറില്‍ പാര്‍ട്ടി വിടുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരിയോടൊപ്പമായിരുന്നു തപ്‌സി ബിജെപിയില്‍ ചേര്‍ന്നത്. 2021ല്‍ ഹല്‍ദിയ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചാണ് തപ്‌സി വീണ്ടും എംഎല്‍എയായത്.

ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് തന്നെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് തപ്‌സി പ്രതികരിച്ചു. സംസ്ഥാന ഊര്‍ജ്ജമന്ത്രി അരൂപ് ബിശ്വാസിന്റെ സാന്നിദ്ധ്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 77 സീറ്റിലാണ് ബിജെപി വിജയിച്ചത്. 12 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെ അത് 65 എംഎല്‍എമാരായി ചുരുങ്ങി.

Content Highlights: Two-time Haldia MLA and BJP leader Tapasi Mondal on Monday joined the TMC

To advertise here,contact us