സ്റ്റാർലിങ്കിന് അനുവാദം കൊടുത്താൽ അതിൻ്റെ യഥാർത്ഥ ​ഗുണഭോക്താവ് അമേരിക്ക; പ്രകാശ് കാരാട്ട്

സ്റ്റാർലിങ്കിനെ നിയന്ത്രിക്കുന്നത് അമേരിക്കയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രകാശ് കാരാട്ടിൻ്റെ പ്രതികരണം

ന്യൂഡൽഹി: ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്കിൻ്റെ പ്രവർത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നതെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. സ്റ്റാർലിങ്ക് രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നതോടെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണ്ണായ വിവരങ്ങൾ ഇവർ‌ക്ക് ലഭിക്കുമെന്ന് പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു. രാജ്യത്തെ എല്ലാ സുപ്രധാന മാപ്പിങ് വിവരങ്ങൾ അടക്കമുള്ളവ സ്റ്റാർലിങ്കിൻ്റെ കൈവശം എത്തിച്ചേരുമെന്ന ആശങ്കയാണ് പ്രകാശ് കാരാട്ട് പങ്കുവെച്ചിരിക്കുന്നത്.

സ്റ്റാർലിങ്കിന് രാജ്യത്ത് പ്രവർത്തനം നടത്താൻ അനുവാദം കൊടുത്താൽ അതിൻ്റെ യഥാർത്ഥ ​ഗുണഭോക്താവ് അമേരിക്ക ആയിരിക്കുമെന്നും സിപിഐഎം നേതാവ് ചൂണ്ടിക്കാണിച്ചു. സ്റ്റാർലിങ്കിനെ നിയന്ത്രിക്കുന്നത് അമേരിക്കയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രകാശ് കാരാട്ടിൻ്റെ പ്രതികരണം. യുക്രെയ്ൻ സ്റ്റാർലിങ്ക് ഉപയോഗിച്ചത് കൊണ്ട് അവരുടെ സൈനിക വിവരങ്ങൾ ചോർന്നിരുന്നു. അത് യുക്രെയ്നിലെ സമാധാനം തകർത്തു. നമുക്കും അതേ സ്ഥിതി ഉണ്ടാകാൻ പാടില്ലെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു.

അമേരിക്കയോടുള്ള വിധേയത്വം മൂലം നരേന്ദ്ര മോദി സർക്കാർ സ്റ്റാർലിങ്കിലൂടെ നാടിനെ തീറെഴുതി കൊടുത്തിരിക്കുകയാണെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം അമേരിക്ക സന്ദർശിച്ച പ്രധാനമന്ത്രി ട്രംപുമായും ഇലോൺ മസ്കുമായി ചർച്ച നടത്തിയതും പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു.

ഭൂമിയുടെ ലോ ഓർബിറ്റിൽ ഭ്രമണം ചെയ്യുന്ന സ്റ്റാർലിങ്കിൻ്റെ ഉപ​ഗ്രഹങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയ‍ർത്തുമെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു. പ്രതിരോധ ബഹിരാകാശ ​ഗവേഷണങ്ങൾക്ക് മാത്രമായി സാറ്റ്ലൈറ്റ് സ്പെക്ട്രം അനുവദിക്കണമെന്ന് നിജപ്പെടുത്തണമെന്ന സിപിഐഎമ്മിൻ്റെ ആവശ്യവും പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു.

Content Highlights: Prakash Karat said If Starlink is allowed, the real beneficiary will be America

To advertise here,contact us