കോണ്‍ഗ്രസ് നേതാവ് നാനാ പടോളെയുടെ വാഗ്ദാനം മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്നു; ഭരണം താഴെ വീഴുമോ?

ഇരുനേതാക്കളെയും മഹാവികാസ് അഘാഡി പക്ഷത്തേക്കെത്തിക്കാന്‍ നീക്കങ്ങള്‍ സജീവമാണ്.

മുംബൈ: കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ നാനാ പടോളെയുടെ ഒരു വാഗ്ദാനമാണ് ഇപ്പോള്‍ മഹാരാഷ്ട്ര രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച. മഹായുതി സഖ്യം വിട്ട് ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും പുറത്ത് വരികയാണെങ്കില്‍ മുഖ്യമന്ത്രിമാരാവാന്‍ പിന്തുണ നല്‍കാമെന്നായിരുന്നു നാനാ പടോളെയുടെ വാഗ്ദാനം.

ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിമാരായ ഷിന്‍ഡെയും അജിത് പവാറും വീര്‍പ്പുപ്പുമുട്ടുകയാണ്. ഇരുവരും പുറത്തുവരികയാണെങ്കില്‍ തങ്ങള്‍ പിന്തുണ നല്‍കിയ ഊഴമിട്ട് രണ്ട് പേര്‍ക്കും മുഖ്യമന്ത്രിമാരാവാനുള്ള അവസരമൊരുക്കാമെന്നാണ് നാനാ പടോളെ പറഞ്ഞത്. ബിജെപി അവരെ മുഖ്യമന്ത്രിയാക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഷിന്‍ഡെയും തമ്മില്‍ രസത്തിലല്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയായിരുന്നു നാനാ പടോളെയുടെ പിന്തുണ വാഗ്ദാനം. മുഖ്യമന്ത്രിയായിരിക്കെ ഷിന്‍ഡെ ആരംഭിച്ച പദ്ധതികളെല്ലാം നിര്‍ത്തിവെക്കാനോ അവസാനിപ്പിക്കാനോ ഫഡ്‌നാവിസ് ശ്രമിക്കുന്നു എന്ന പരാതിയാണ് ഷിന്‍ഡെയ്ക്കുള്ളതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അതേ സമയം നാനാ പട്ടോളെയുടെ വാഗ്ദാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ വിജയ് വഡേട്ടിവാറും ശിവസേന ഉദ്ദവ് താക്കറേ നേതാവ് സഞ്ജയ് റാവത്തും പിന്തുണച്ചു. ഷിന്‍ഡെ കഴിവുള്ള നേതാവാണെന്നാണ് വഡേട്ടിവാറിന്റെ പ്രതികരണം. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നാണ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്.

ഷിന്‍ഡെ നേരത്തെ കോണ്‍ഗ്രസില്‍ ചേരാന്‍ ശ്രമിച്ചിരുന്നുവെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. നാനാ പട്ടോളയുടെ വാഗ്ദാനം ഷിന്‍ഡെയും അജിത് പവാറും സ്വീകരിക്കുമോ എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല. എന്നാല്‍ ഇരുനേതാക്കളെയും മഹാവികാസ് അഘാഡി പക്ഷത്തേക്കെത്തിക്കാന്‍ നീക്കങ്ങള്‍ സജീവമാണ്.

Content Highlights: Congress leader Nana Patole has caused a flutter in Maharashtra politics

To advertise here,contact us